ന്യൂദല്‍ഹി- സിബിഐ കസ്റ്റഡിയെ കുറിച്ച് ചോദിച്ചതിനു മറുപടിയായി മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടി.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ 14 ദിവസമായി സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന ചിദംബരത്തെ ദല്‍ഹിയിലെ റൗസ് അവന്യൂ കോടതിയിലെത്തിച്ചപ്പോഴാണ് ഒരു റിപോര്‍ട്ടര്‍ സിബിഐ കസ്റ്റഡിയില്‍ എങ്ങനെ ഉണ്ടെന്ന് ചോദിച്ചത്. അഞ്ച് ശതമാനം എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തിയ കണക്ക് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. ഇതു പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ചിദംബരം അഞ്ചു ശതമാനം എന്നു പറഞ്ഞത്.
രണ്ടേ രണ്ടു വാക്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്ന മറുപടി സമൂഹ മാധ്യമങ്ങളും ഏറ്റുപിടിച്ചു. കയ്യിലെ അഞ്ചു വിരലുകളും ഉയര്‍ത്തിക്കാട്ടിയാണ് ചിദംബരം അഞ്ചു ശതമാനം എന്നു മറുപടി നല്‍കിയത്. അപ്പോള്‍ റിപ്പോര്‍ട്ടറുടെ ചോദ്യം 'എന്ത് അഞ്ചു ശതമാനം സര്‍?' നിങ്ങള്‍ക്ക് അഞ്ചു ശതമാനത്തെ കുറിച്ച് അറിയില്ലെ എന്നായിരുന്നു ചിദംബരത്തിന്റെ മറുചോദ്യം. 'ജിഡിപി' എന്നാരോ വിളിച്ചു പറഞ്ഞു. ചിരിച്ചു കാണിച്ച് ചിദംബരം കോടതി മുറിയിലേക്കു പോയി.
എന്തു കൊണ്ടാണ് ബിജെപി ചിദംബരത്തെ ഭയപ്പെടുന്നത് എന്നതിന് ഒരു ചെറിയ ഉദാഹരണം എന്ന കുറിപ്പോടെ ഇതിന്റെ വിഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
A quick reminder by @PChidambaram_IN on why he's feared by the BJP govt. #ModiMadeEconomicCrisis pic.twitter.com/9XOdVf6saT
— Congress (@INCIndia) September 3, 2019