Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ യുവാവിനെ അടിച്ചുകൊന്നത് മുസ്ലിം ആണെന്ന് കരുതി; കുടുംബം പറയുന്നത് ഇങ്ങനെ

ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയിലെ ജഫറാബാദില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് 23കാരനായ യുവാവ് മരിച്ച സംഭവത്തിനു പിന്നില്‍ വര്‍ഗീയ വിദ്വേഷമെന്ന സംശയം ബലപ്പെടുന്നു. ഒന്നാം വര്‍ഷ കോളെജ് വിദ്യാര്‍ത്ഥിയായ സാഹില്‍ ആണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മര്‍ദനമേറ്റു മരിച്ചത്. സാഹില്‍ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമികള്‍ ക്രൂരമായി മര്‍ദിച്ചതെന്ന് അമ്മ സംഗീത പറയുന്നു. അതേസമയം ഇതു വര്‍ഗീയ സംഘര്‍ഷമല്ലെന്നും കൊലയാളികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു.

ഒരു സുഹൃത്തിന്റെ സഹോദരനെ സഹായിക്കാന്‍ പോയതായിരുന്നുവെന്ന് അമ്മ പറയുന്നു. സുഹൃത്തിന്റെ സഹോദരനുമായി സഞ്ജയ് ചന്ദ്രഭാനും അദ്ദേഹത്തിന്റെ ചെറിയ മകനും തര്‍ക്കമുണ്ടാക്കിയത് പരിഹരിക്കാനാണ് പോയത്. സുഹൃത്തിന്റെ സഹോദരനെ പോകാന്‍ അനുവദിക്കണമെന്നും ഇനി അവരുടെ വഴി ഉപയോഗിക്കില്ലെന്നും സാഹില്‍ സഞ്ജയ് ചന്ദ്രഭാനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതു ചെവികൊള്ളാതെ സഞ്ജയ് സാഹിലിനെ ക്രൂരമായി മര്‍ദിക്കുകയാണ് ചെയ്തതെന്ന് അമ്മ സംഗീത പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി മടങ്ങവെ സഞ്ജയ് ചന്ദ്രഭാനും മകനും സാഹിലിനേയും കൂട്ടുകാരേയും വഴിയില്‍ തടഞ്ഞു വയ്ക്കുകയായിരുന്നുവെന്ന് സാഹിലിന്റെ അച്ഛന്‍ സുനില്‍ സിങ് പറയുന്നു. പണ്ഡിറ്റുകള്‍ താമസിക്കുന്ന പ്രദേശത്തെ വഴിയിലൂടെ കടന്നു പോകുന്നത് എന്തിനാണെന്ന് ചോദിച്ചായിരുന്നു സഞ്ജയ് സാഹിലിനെ മര്‍ദിച്ചതെന്നും അച്ഛന്‍ പറയുന്നു.

മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് സഞ്ജയും മകനും സാഹിലിനെ ക്രൂരമായി മര്‍ദിച്ചതെന്ന് അച്ഛനും അമ്മയും ഉറപ്പിച്ചു പറയുന്നു. സാഹിലിന്റെ ബൈക്കിന്റെ ചാവി ഊരി സഞ്ജയ് പോയ ശേഷം ഒരു സുഹൃത്ത് സാഹിലിനെ പേരെടുത്ത് വിളിച്ചു അടുത്ത ദിവസം വരാമെന്നു പറഞ്ഞു. ഈ പേര് കേട്ട സഞ്ജയ് സാഹില്‍ മുസ്ലിം ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. അജ്മീര്‍ ദര്‍ഗയില്‍ നിന്ന് വാങ്ങിയ ഒരു ലോക്കറ്റും സാഹില്‍ കഴുത്തിലണിഞ്ഞിരുന്നു- സുനില്‍ സിങ് പറയുന്നു. മാത്രവുമല്ല ഈ സംഭവ ശേഷം ആ പ്രദേശത്തുകാരെല്ലാം പറഞ്ഞത് ഒരു മുസ്ലിം കൊല്ലപ്പെട്ടു എന്നായിരുന്നു. പണ്ഡിതോം വാലി ഗലിയിലെ ആക്രമികള്‍ സാഹിലിനെ മുസ്ലിമെന്നു തെറ്റിദ്ധരിച്ചു തന്നെയാണ് കൊലപ്പെടുത്തിയത്- അച്ഛന്‍ പറഞ്ഞു.

അതേസമയം സംഭവത്തിനു പിന്നില്‍ വര്‍ഗീയത ഇല്ലെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്. സഞ്ജയുമായി സുഹൃത്തുക്കള്‍ ഉരസലുണ്ടായപ്പോള്‍ തര്‍ക്കം പരിഹരിക്കാനാണ് സാഹില്‍ പോയത്. മദ്യലഹരിയിലായിരുന്ന സഞ്ജയ് അവിടെ എത്തിയ സാഹിലിനെ പിടിച്ച് മര്‍ദിച്ചു. കൂട്ടുകാര്‍ ഓടിരക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു. സഞ്ജയും പ്രായപൂര്‍ത്തിയാകാത്ത മകനും പോലീസ് പിടിയിലാണ്. സാഹിലിന്റെ മരണ കാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
 

Latest News