കോഴിക്കോട് - ഫേസ്ബുക്കിൽ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ച ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ കെ.ആർ.ഇന്ദിരക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ് ടി.എ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും സൈബർ സെല്ലിനും പരാതി സമർപ്പിച്ചു.
അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയിൽ നിന്നും പത്തൊമ്പത് ലക്ഷം പേർ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ പൗരന്മാർ അല്ലാതാകുന്നവരെ കുടിയേറ്റക്കാരുടെ ക്യാമ്പിൽ താമസിപ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്ന് കെ.ആർ ഇന്ദിര ഫേസ്ബുക്കിൽ കുറിച്ചത്. മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വേണം മുസ്‌ലിംകളുടെ പ്രസവം നിർത്താനെന്നും പോസ്റ്റിൽ കമന്റായി ചേർത്തിട്ടുണ്ട്.
ഇന്ദിരയുടെ മുസ്‌ലിം വിരുദ്ധ വർഗീയ പരാമർശം വ്യത്യസ്ത മത സമുദായങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിനു തുരങ്കം വെക്കുന്നതും സമൂഹത്തിൽ മുസ്‌ലിംകൾക്ക് നേരെ വിദ്വേഷം വളർത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. ഇന്ദിരയുടെ എഴുത്തുകളും മറ്റ് പ്രവൃത്തികളും ഇസ്‌ലാം മത വിശ്വാസികളെ മുറിപ്പെടുത്തുന്നതും സമൂഹത്തിൽ മുസ്‌ലിം വിരുദ്ധത വളർത്തുന്നതും സമുദായങ്ങൾ തമ്മിൽ കലാപം നടത്താൻ ബോധപൂർവമായ ശ്രമം നടത്തുന്നതുമാണ്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.