Sorry, you need to enable JavaScript to visit this website.

നൗഷാദ് ദുബായിലെത്തി, എറണാകുളത്തെ കട പൂട്ടില്ലെന്ന് ഉറപ്പ്

ദുബായ് - രണ്ടാം പ്രളയകാലത്ത് മലയാളിയുടെ ജീവകാരുണ്യ മനസ്സിനെ തട്ടിയുണര്‍ത്തിയ നൗഷാദ് ദുബായിലെത്തി. നൗഷാദിനെ ഇവിടെയെത്തിച്ച ദുബായിലെ സ്മാര്‍ട്ട് ട്രാവല്‍ എം.ഡി കണ്ണൂര്‍ സ്വദേശി അഫി അഹമദിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് എറണാകുളം ബ്രോഡ്‌വേയിലെ കട പൂട്ടുന്നുണ്ടോ എന്നായിരുന്നു. ഇല്ലെന്ന് നൗഷാദിന്റെ ഉറച്ച മറുപടി. മറ്റു കടക്കാര്‍ പ്രചരിപ്പിച്ച വാര്‍ത്തയാകാമെന്ന് പറഞ്ഞ് നൗഷാദ് അത് തള്ളിക്കളയുന്നു.  
100 ചതുരശ്ര അടിയുള്ള ചെറിയൊരു കട മാത്രമാണ് തന്റേത്. തന്റെ ജ്യേഷ്ഠന്‍ അടക്കമുള്ളവരുടെ എറാണാകുളത്തെ കടകള്‍ കോര്‍പറേഷന്‍ പൊളിച്ചടക്കിയിരുന്നു. ജ്യേഷ്ഠനു പ്രായാധിക്യമുള്ളതിനാല്‍ അദ്ദേഹത്തിന് വേണ്ടി രണ്ടര മാസം മുന്‍പ് എടുത്ത കടയാണ് ബ്രോഡ് വേയിലേത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എന്നെത്തേടിയെത്തുന്നുണ്ട്. കടയില്‍ കുറച്ച് വസ്ത്രങ്ങള്‍ മാത്രമേയുള്ളൂ. വരുന്നവര്‍ക്ക് നല്‍കാന്‍ എന്റെ കൈയില്‍ അതിനുമാത്രം വസ്ത്രവുമില്ല. ആ കടയെടുത്ത ശേഷമാണ് ദൈവകാരുണ്യം എന്നെ തേടിയെത്തിയത്. കടയില്‍ എത്ര കച്ചവടം നടക്കുന്നു എന്നൊന്നും കണക്കുകൂട്ടാന്‍ കഴിയില്ല. രണ്ട് വര്‍ഷമായി കച്ചവടത്തിന് മാന്ദ്യമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരികള്‍ അവിടെയുണ്ട്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും നൗഷാദ് പറഞ്ഞു.
മുന്‍പ് സൗദിയില്‍ പ്രവാസിയായിരുന്ന നൗഷാദിനൊപ്പം കുടുംബവും ദുബായില്‍ വന്നിട്ടുണ്ട്. ഈ മാസം എട്ട് വരെ അദ്ദേഹം വിവിധ സ്ഥലങ്ങള്‍ ഭാര്യ നിസ്സ, മകന്‍ മുഹമ്മദ് ഫഹദ് എന്നിവരോടൊപ്പം സന്ദര്‍ശിക്കുമെന്ന് അഫി അഹമദ് പറഞ്ഞു.
നൗഷാദിന്റെ മഹാമനസ്‌കത പുറംലോകത്തെത്തിച്ച ചലച്ചിത്ര നടനും സാമൂഹിക പ്രവര്‍ത്തകനുമായ രാജേഷ് ശര്‍മയെ സ്മാര്‍ട് ട്രാവല്‍ അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് അഫി അഹമ്മദ് അറിയിച്ചു.

 

Latest News