കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- കര്‍ണാടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏഴു കോടി രൂപ അനധികൃത പണം വെളുപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാനായി ശിവകുമാറിനെ വെള്ളിയാഴ്ച ഇ.ഡി ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ ദല്‍ഹിയിലെ വസതിയില്‍ നിന്നും ആദായ നികുതി വകുപ്പ് പണം പിടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ശിവകുമാറിനെതിരെ കേസെടുത്തത്. കേസില്‍ ഇഡി അയച്ച സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹരജി വ്യാഴാഴ്ച തള്ളിയിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതികാരം തീര്‍ക്കുകയാണെന്നും ദല്‍ഹിക്കു തിരിക്കുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു.
 

Latest News