ന്യൂദൽഹി- രാഷ്ട്രീയ കുടിപ്പക അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തിൽ നിലവിൽ ഇന്ത്യയിൽ നടക്കുകയാണെന്ന് കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് ശിവകുമാറിന്റെ പ്രസ്താവന വന്നത്. ഗണശ ചതുർത്ഥി പ്രമാണിച്ച് ചോദ്യം ചെയ്യലിൽനിന്ന് ഒരു ദിവസത്തെ ഇടവേള ശിവകുമാർ ചോദിച്ചിരുന്നെങ്കിലും എൻഫോഴ്‌സ്‌മെന്റ് വകുപ്പ് അനുവദിച്ചിരുന്നില്ല. വീട്ടിൽ നടക്കുന്ന പ്രത്യേക പൂജകളിലൊന്നും പങ്കെടുക്കാനാവാതെയായിരുന്നു ശിവകുമാർ ദൽഹിക്ക് തിരിച്ചത്.
' എന്റെ അച്ഛന് വേണ്ടി പൂജ ചെയ്യാൻ എനിക്ക് സാധിച്ചില്ല. എന്റെ കുട്ടികൾക്കൊപ്പമാണ് ഞാൻ ഗണേശ ചതുർത്ഥി ആഘോഷിക്കാറുള്ളത്. എന്നാൽ അവർ അതിനും അനുവദിച്ചില്ല. ഒരു തെറ്റും ചെയ്യാതെയാണ് ഈ ശിക്ഷ.' എന്ന് ശിവകുമാർ പ്രതികരിച്ചു. തന്റെ മകന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു കേസ് കെട്ടിച്ചമച്ചതെന്നും സഹാനുഭൂതിയെന്ന ഒരു വികാരം ബി.ജെ.പിക്ക് ഇല്ലെന്നും ഡി.കെയുടെ അമ്മ പ്രതികരിച്ചിരുന്നു.
' ബി.ജെ.പിക്കാർ അല്ലാതെ ആരും എന്റെ മകനോട് ഇത്തരത്തിൽ പെരുമാറില്ല. മകന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് ഇതിന് പിന്നിൽ. ഒരു ദിവസം കൊണ്ട് പണക്കാരനായവല്ല അവൻ. ജനിച്ച അന്നുമുതലുള്ള സമ്പത്ത് മാത്രമേ ഇന്നും ഉള്ളൂ. ഞങ്ങളുടെ പക്കൽ ഒരുപാട് പണമുണ്ടെന്നാണ് അവർ പറയുന്നത്. എന്റെ ഭർതൃപിതാവായ കെംപഗൗഡ ആരായിരുന്നുവെന്ന് ഇവിടുത്തുകാർക്ക് അറിയാം. ആരേയും കൊലപ്പെടുത്തിയിട്ടില്ല. ആരുടെ സ്വത്തും തട്ടിയെടുത്തിട്ടില്ല. ആരേയും പറ്റിച്ചിട്ടില്ല. കഠിനമായി പരിശ്രമിച്ചാണ് സമ്പത്തുണ്ടാക്കിയത്. അത് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. അത് ചിലർക്ക് സഹിക്കുന്നില്ല.എന്നായിരുന്നു ഗൗരമ്മയുടെ പ്രതികരണം. അറസ്റ്റ് തടയണണമെന്ന ശിവകുമാറിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി സമൻസ് അയച്ചത്.