Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗ്ലാദേശില്‍ റോഹിംഗ്യകള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നു

ധാക്ക- രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലുള്ള ക്യാമ്പുകളില്‍ താമസിക്കുന്ന പത്ത് ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തലാക്കാന്‍ ബംഗ്ലാദേശ് അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷം മുമ്പ് മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരില്‍ ഭൂരിഭാഗവും താമസിക്കുന്ന ക്യാമ്പുകളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണിത്. അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പാളിയതും നിയന്ത്രണങ്ങള്‍ക്ക് കാരണമാണ്.

ഓഗസ്റ്റ് അവസാനത്തോടെ അഭയാര്‍ഥികളെ അതിര്‍ത്തി കടത്തി റാഖൈനില്‍ എത്തിക്കാനായിരുന്നു പദ്ധതി.  ക്യാമ്പുകളിലുള്ളവര്‍ക്ക്  മൊബൈല്‍ ഫോണ്‍ സേവനം അവസാനിപ്പിച്ച റിപ്പോര്‍ട്ടുകള്‍ ഏഴു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ (ബിടിആര്‍സി) വക്താവ് സാക്കിര്‍ ഹുസൈന്‍ ഖാന്‍ പറഞ്ഞു.

നിരവധി അഭയാര്‍ഥികള്‍ ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും സുരക്ഷാ കാരണങ്ങളാലാണ് ഇത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും  അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ
ഉത്തരവ് റോഹിംഗ്യകളെ അമ്പരപ്പിച്ചിരിക്കയാണെന്ന് അഭയാര്‍ഥികളുടെ നേതാക്കളില്‍ ഒരാള്‍ പ്രതികരിച്ചു.
ഈ നിരോധനം റോഹിംഗ്യന്‍ ജീവിതത്തെ സാരമായി ബാധിക്കുമെന്നും അതിര്‍ത്തി ജില്ലയായ കോക്‌സ് ബസാറില്‍ ചിതറിക്കിടക്കുന്ന വിവിധ ക്യാമ്പുകള്‍ തമ്മിലുള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മറിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ താമസിക്കുന്ന  ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയില്ല. റോഹിംഗ്യകള്‍  തങ്ങളുടെ പ്രവാസികളായ ബന്ധുക്കള്‍ അയക്കുന്ന പണത്തെയാണ്  ആശ്രയിക്കുന്നതെന്നും ഇങ്ങനെ പണം അയക്കുന്ന വിവരം ഫോണ്‍ വഴിയാണ് ലഭിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രിക്കാന്‍ ബംഗ്ലാദേശ് നേരത്തെ ശ്രമിച്ചിരുന്നു. കര്‍ശനമായി നടപ്പാക്കത്തതിനാല്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു മൊബൈല്‍ ഫോണ്‍ സെറ്റുകളുടെയും സിം കാര്‍ഡുകളുടെയും വില്‍പന ഗണ്യമായി വര്‍ധിച്ചു.
പുതിയ നടപടി സ്വാഗതാര്‍ഹമാണെന്നും മ്യാന്‍മറില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകള്‍ കടത്തുന്നത് പോലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അഭയാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പോലീസ് വക്താവ് ഇക്ബാല്‍ ഹുസൈന്‍ പറഞ്ഞു.

ഭരണകക്ഷിയുടെ പ്രാദേശിക നേതാവ്  ഉമര്‍ ഫാറൂഖിനെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലാമത്തെ റോഹിംഗ്യന്‍ അഭയാര്‍ഥി വെടിയേറ്റ് മരിച്ചിരുന്നു.

ഫാറൂഖിന്റെ കൊലപാതകം ഓഗസ്റ്റ് 22 ന് മണിക്കൂറുകളോളം അഭയാര്‍ഥി ക്യാമ്പിലേക്കുള്ള റോഡുകള്‍ ടയറുകള്‍ കത്തിച്ചും മറ്റും തടയാനും അഭയാര്‍ഥികള്‍ പോകാറുള്ള കടകള്‍ നശിപ്പിക്കാനും പ്രദേശവാസികളെ പ്രേരിപ്പിച്ചിരുന്നു. സുരക്ഷ കര്‍ശനമാക്കിയതിനെ തുടര്‍ന്ന്  ക്യാമ്പുകളില്‍ ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അഭയാര്‍ഥികള്‍ പറയുന്നു.
ബംഗ്ലാദേശ് പോലീസാണ് നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൗരാവകാശ സംഘടനകള്‍ കുറ്റപ്പെടുത്താറുണ്ട്.
മ്യാന്‍മറില്‍ 2017 ല്‍ നടന്ന അക്രമത്തില്‍ വംശഹത്യാ കുറ്റത്തിന്  ഉന്നത പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന്  യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

 

Latest News