ബംഗളൂരു- ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണദൗത്യം ചന്ദ്രയാന്‍-2 നിര്‍ണായകഘട്ടം കടന്നു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍നിന്ന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ലാന്‍ഡര്‍ വേര്‍പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍നിന്ന് വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടതെന്ന് ഐ.എസ്.ആര്‍.ഒ ട്വിറ്ററില്‍ അറിയിച്ചു.
ഇനി ലാന്‍ഡറിനെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും സമീപമെത്തിക്കണം. ഇതിനായി ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വെവ്വേറെ നിയന്ത്രിക്കണം.
ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ ലാന്‍ഡറിനെ ഇറക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് നാലുമണിക്കൂറിനുള്ളില്‍ ലാന്‍ഡറിനുള്ളില്‍നിന്ന് റോവര്‍ പുറത്തിറങ്ങും. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രജ്ഞാന്‍) എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ രണ്ടിലുള്ളത്. റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കാനുള്ള ഉത്തരവാദിത്തമാണ് ലാന്‍ഡറിനുള്ളത്. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രമാണ് ചന്ദ്രയാന്‍-2 പേടകത്തെ നിയന്ത്രിക്കുന്നത്.