ബംഗളൂരു- ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള ചന്ദ്രയാന്‍-2 പേടകം ചന്ദ്രനോട് കൂടുതല്‍ അടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-നും 1.45-നും ഇടയില്‍ ലാന്‍ഡര്‍ വേര്‍പെടും. പിന്നീട് ലാന്‍ഡറിനെയും ഓര്‍ബിറ്ററിനെയും വെവ്വേറെ നിയന്ത്രിക്കണം.
ലാന്‍ഡറിനെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. ഞായറാഴ്ച വൈകീട്ട് 6.21-ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ പഥക്രമീകരണം നടത്തിയത്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെ ദിശാക്രമീകരണമാണിത്.
ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ ലാന്‍ഡറിനെ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.
ഇറങ്ങിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറിനുള്ളില്‍നിന്ന് റോവര്‍ പുറത്തിറങ്ങും. ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡറിനെ വേര്‍പെടുത്തുന്ന ദൗത്യത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രമാണ് ചന്ദ്രയാന്‍-2 പേടകത്തെ നിയന്ത്രിക്കുന്നത്.