തിരുവനന്തപുരം- സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽനിന്നും മാറ്റി. തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിന് പകരം അന്വേഷണ സംഘത്തിലെ എസ്.പി എ.ഷാനവാസിനാണ് ഇനി ചുമതല. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ വേളയിലാണ് ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനിൽനിന്നും ചുമതല എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുന്നത്. രണ്ട് ദിവസം മുമ്പാണ് ചുമതല മാറ്റം സംബന്ധിച്ച നിർദേശമിറങ്ങിയത്. ചുമതല കൈമാറിയെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി ഷീൻ തറയിൽ തുടരും. ക്രമസമാധാനപാലനചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദർവേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേൽനോട്ടം.
ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശ്രീറാം വെങ്കട്ടരാമന് നൽകിയ ചികിത്സയിൽ കേസ് ഷീറ്റടക്കമുളള രേഖകൾ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. അപകടത്തിനു ശേഷം പ്രാഥമിക ചികിത്സ തേടിയ ശ്രീറാം വെങ്കട്ടരാമന് നിസ്സാര പരിക്കുകൾ മാത്രമാണുണ്ടായിരുന്നതെന്ന് കിംസ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ഡോക്ടർമാർ മൊഴി നൽകിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കൽ കോളേജിൽ നിന്നും വിശദമായ രേഖകളടക്കമുള്ള വിശദാംശങ്ങൾ തേടുന്നത്. മെഡിക്കൽ കോളേജിലെ ട്രോമാ കെയറിലടക്കം ശ്രീറാമിന് നൽകിയ മുഴുവൻ ചികിത്സകളുടെയും രേഖകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ആശുപത്രി മേധാവികൾക്ക് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്. കേസ് ഡയറി സമർപ്പിക്കുന്നതിന് മുമ്പ് ശ്രീറാമിന് ഡോക്ടർമാർ നിർദേശിച്ച ചികിത്സകളും എക്‌സ്‌റേ, സ്‌കാൻ റിപ്പോർട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്തി സമഗ്ര അന്വേഷണ റിപ്പോർട്ട് തയാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റിമാന്റിലായ ശ്രീറാം വെങ്കട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടു വന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു കാട്ടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലെ ജയിൽ സെല്ലിൽ പ്രവേശിപ്പിക്കാതെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ട്രോമാ കെയർ വിഭാഗത്തിലാണ് വെങ്കട്ടരാമനെ പ്രവേശിപ്പിച്ചത്. എന്നാൽ ഇതെല്ലാം ചോദ്യം ചെയ്താണ് കിംസ് ആശുപത്രിയിലെ ഡോക്ടർമാർ ശ്രീറാം വെങ്കട്ടരാമന് നിസ്സാരപരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുവെന്ന മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം മെഡിക്കൽ കോളേജിൽ നൽകിയ ചികിത്സാ രേഖകൾ വിശദമായി പരിശോധിക്കുന്നത്.