Sorry, you need to enable JavaScript to visit this website.

സൈനിക കേന്ദ്രത്തിലേക്ക് ഹിസ്ബുല്ല മിസൈല്‍; തിരിച്ചടിച്ചതായി ഇസ്രായില്‍

ജറൂസലം- ഇസ്രായില്‍ സൈനിക കേന്ദ്രവും സൈനിക വാഹനങ്ങളും ലക്ഷ്യമിട്ട് ലെബനോനില്‍നിന്ന് ടാങ്ക് വേധ മിസൈലുകള്‍ അയച്ചതായി ഇസ്രായില്‍ സേന അറിയിച്ചു. ദക്ഷിണ ലെബനോനില്‍ ആക്രമണം നടത്തി തിരിച്ചടിച്ചതായും ഇസ്രായില്‍ അവകാശപ്പട്ടു.
തങ്ങളുടെ പോരാളികള്‍ ഒരു ഇസ്രായിലി സൈനിക വാഹനം നശിപ്പിച്ചതായി ലെബനോനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല അവകാശപ്പെട്ടു. വാഹനത്തിലുണ്ടായിരുന്നവര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കേകുയോ ചെയ്തുവെന്നും സംഘടന അവകാശപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഇസ്രായില്‍ പുറത്തുവിട്ടിട്ടില്ല.  
ഇസ്രായില്‍ ഡ്രോണ്‍ ലെബനോനില്‍ തകര്‍ന്ന് വന്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ഒരാഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായില്‍ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഡ്രോണ്‍ ആക്രമണത്തിനു പകരം ചോദിക്കാന്‍ തങ്ങളുടെ കമാന്‍ഡര്‍മാര്‍ സജ്ജമായെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ശനിയാഴ്ച രാത്രി പ്രസ്താവിച്ചിരുന്നു.
ഹിസ്ബുല്ല ഭീഷണിയെ തുടര്‍ന്ന് വന്‍ സൈനിക സന്നാഹത്തെയാണ് ഇസ്രായില്‍ അതിര്‍ത്തിയിലേക്ക് അയച്ചത്. 2006 ല്‍ ഒരുമാസം നീണ്ട യുദ്ധത്തിനുശേഷം ഈ പ്രദേശം പൊതുവെ ശാന്തമായിരുന്നു.
ലെബനോനില്‍നിന്ന് നിരവിധ ടാങ്ക് വേധ മിസൈലുകളാണ് തൊടുത്തതെന്നും ചിലത് ഇസ്രായിലില്‍ പതിച്ചുവെന്നും സൈന്യം സ്ഥിരീകരിച്ചു. തെക്കന്‍ ലെബനോനിലെ അതിര്‍ത്തി ഗ്രാമങ്ങളായ മാറോണ്‍ അല്‍ റാസിലേക്ക് ഷെല്ലാക്രമണം നടത്തിയാണ് ഇസ്രായില്‍ പ്രതികരിച്ചതെന്ന് ഹിസ്ബുല്ല ടിവി അല്‍ മനാര്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് ഇസ്രായില്‍ നിര്‍ദേശിച്ചു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും അതിര്‍ത്തിയില്‍ പുക ഉയര്‍ന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ ഡ്രോണ്‍ ബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ പൈന്‍ കാടുകള്‍ക്ക് തീപ്പിടിച്ചതായി ലബനോന്‍ സൈന്യം രാവിലെ അറിയിച്ചിരുന്നു. അതിര്‍ത്തിയിലെ തീ തങ്ങളുടെ സൈനിക നടപടിയുടെ ഭാഗമായാണെന്ന് ഇസ്രായിലും സ്ഥിരികീരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.  
കഴിഞ്ഞയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം  ഇസ്രായേല്‍ സൈന്യം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. കൃത്യമായ ലക്ഷ്യത്തില്‍ പതിക്കുന്നതിനുള്ള മിസൈല്‍ നിര്‍മിക്കാന്‍ ഇറാന്‍ ഹിസ്ബല്ലയെ സഹായിക്കുകയാണെന്ന് ഇസ്രായില്‍ ആരോപിച്ചു.

 

Latest News