തൃശ്ശൂർ- പ്രളയദുരന്തത്തിനിടെ ദുരിതബാധിതർക്ക് കടയിലെ വസ്ത്രം മുഴുവൻ നൽകി ശ്രദ്ധ നേടിയ നൗഷാദ് കട നിർത്തുന്നു. തന്റെ കടയുടെ അടുത്തുള്ളവർക്ക് കച്ചവടമില്ലാത്തതാണ് നൗഷാദ് കട നിർത്താൻ കാരണമായി പറയുന്നത്. ബേബി ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
'ഞാൻ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്വെയിൽ കൂടി പോകുമ്പോൾ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ ആളല്ലേ ഒന്നു കണ്ടുകളയാം എന്നു കരുതി അവിടെ കയറി.നല്ല തിരക്കുണ്ട് ,പുതിയ ബിൽഡിങ്ങിൽ ഷോപ്പുകൾ തുടങ്ങി വരുന്നതേയുള്ളൂ ,നൗഷാദിന്റെ കട എന്നു എഴുതിയ കടയുടെ അടുത്തു തന്നെ രണ്ടു മൂന്നു കട ഇതുപോലെ ഉണ്ടെങ്കിലും ആരും അവിടേക്ക് പോകുന്നില്ല.ഞാൻ തിരക്കിൽ നൗഷാദിന്റെ തൊട്ടടുത്തു എത്തി.നൗഷാദ് ഒരു ഹോൾസെയിൽ കച്ചവടക്കാരൻ ഓർഡർ കിട്ടാൻ വേണ്ടി നൗഷാദിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു.ആ സംസാരം കേട്ടപ്പോഴാണ് ഞാൻ അമ്പരന്നു പോയത്..
ഹൊൾസെൽക്കാരനോട് നൗഷാദ് പറയുന്നു. ഞാൻ പുതിയ സ്‌റ്റോക്ക് വാങ്ങിക്കുന്നില്ല.ഉള്ളത് വിറ്റു തീർത്തു ഇവിടെ നിന്നും ഞാൻ ഫുട്ട് പാത്തു കച്ചവടത്തിലേക്കു മാറിയാലോ എന്നു ആലോചിക്കുന്നു.ഹോൾസെയിൽ കാരൻ കാരണം ചോദിച്ചപ്പോൾ നൗഷാദ് പറയുന്നു ,നാൽപതിനായിരം രൂപ വാടകക്കാണ് ഞാൻ ഈ റൂം എടുത്തത്. അടുത്തടുത്തു കട നടത്തുന്നവരും ഇതുപോലെ വാടക കൊടുക്കുന്നു ,എനിക്ക് മാത്രം തിരക്കു ഉള്ളപ്പോൾ അവർ വെറുതെ ഇരിക്കുന്നു..അതു കാണുമ്പോൾ എനിക്ക് അവരെ ഓർത്തു മനസ്സിന് സമാധാനം കിട്ടുന്നില്ല എനിക്ക് വാടകയും അതിനപ്പുറവും ലാഭം വരുമ്പോൾ അവരുടെ സ്ഥിതി ദയനീയം തന്നെ.
അതുകൊണ്ടാണ് ഞാൻ മാറുന്നതിനെ പറ്റി ആലോചിക്കുന്നത് ഈ വാക്കു കേട്ടതും ഞാൻ ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞു.ഞാൻ ഇത് ഫൈസുബുക്കിൽ എഴുതണം എന്നു മനസ്സിൽ കരുതി നൗഷാദിനോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചു.ഒന്നല്ല രണ്ടോ മൂന്നോ എടുത്തോളൂ എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഫോട്ടോ എടുത്തു വരുമ്പോൾ എന്റെ മനസ്സ് ആ നല്ല മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം കൂട്ടി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'