ന്യൂദല്‍ഹി- പുതിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പുറമെ മറ്റു നാലു സംസ്ഥാനങ്ങളില്‍ കൂടി പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. തമിഴ്‌നാട് ബിജെപി അധ്യക്ഷ ഡോക്ടര്‍ തമിലിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായ കല്‍രാജ് മിശ്രയാണ് പുതിയ രാജസ്ഥാന്‍ ഗവര്‍ണര്‍. മുന്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്തത്രേയ പുതിയ ഹിമാചല്‍ ഗവര്‍ണറാകും. മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ് കോശിയാരിയേയും നിയമിച്ചു.
ഇവരില്‍ കല്‍രാജ് മിശ്രയെ മാത്രമാണ് സ്ഥലംമാറ്റി നിയമിച്ചത്. കേരള ഗവര്‍ണര്‍ പി. സദാശിവം, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, തെലങ്കാന ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍, മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവരാണ് കാലാവധി പൂര്‍ത്തിയാക്കിയത്.