ന്യൂദല്‍ഹി- നാല് വര്‍ഷത്തിനിടെ തത്ക്കാല്‍ ടിക്കറ്റ് ബുക്കിംഗ് വഴി റെയില്‍വേ നേടിയത് 25,392 കോടി രൂപ. 2016 നും 2019 നുമിടയില്‍ തത്ക്കാല്‍ ക്വാട്ട ടിക്കറ്റുകളില്‍ നിന്ന് 21,530 കോടി രൂപയും തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍ നിന്ന് അധികവരുമാനമായി 3,862 കോടി രൂപയും ലഭിച്ചു. തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളിലെ വരുമാനത്തില്‍ ഈ കാലയളവില്‍ 62% വര്‍ധനവാണുണ്ടായത്. അവസാനനിമിഷം യാത്രാടിക്കറ്റ് ആവശ്യമുള്ളവര്‍ക്കായി 1997 ലാണ് തത്ക്കാല്‍ ബുക്കിങ് സേവനം റെയില്‍വേ ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ ആരംഭിച്ച ഈ സൗകര്യം 2004 ല്‍ രാജ്യമാകെ വ്യാപിപ്പിച്ചു.
സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് അടിസ്ഥാന യാത്രാക്കൂലിയുടെ പത്ത് ശതമാനവും മറ്റ് ക്ലാസുകള്‍ക്ക് 30 ശതമാനവുമാണ് തത്ക്കാല്‍ ബുക്കിംഗിന് അധികമായി ഈടാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലാണ് പ്രീമിയം തത്ക്കാല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗോര്‍ നല്‍കിയ വിവരാവകാശ ഹരജിയെ തുടര്‍ന്നാണ് ഈ കണക്കുകള്‍ റെയില്‍വേ വെളിപ്പെടുത്തിയത്. രാജ്യത്തൊട്ടാകെ 2,677 ട്രെയിനുകളില്‍ തത്ക്കാല്‍ സംവിധാനം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആകെ 11.57 ലക്ഷം ട്രെയിന്‍ സീറ്റുകളില്‍ 1.71 ലക്ഷം സീറ്റുകളുടെ ടിക്കറ്റുകള്‍ ഈ സംവിധാനത്തില്‍ ലഭ്യമാണ്.