ജോര്‍ഹട്ട്- അസമില്‍ തേയില തോട്ടം തൊഴിലാളികളുടെ മര്‍ദനമേറ്റ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. ശനിയാഴ്ച മര്‍ദനമേറ്റ ഡോക്ടര്‍ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
തേയില എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജീവനക്കാരി സോമ്ര മാജിയുടെ മരണത്തെത്തുടര്‍ന്നാണ് തൊഴിലാളികള്‍ 73 കാരനായ ഡോക്ടര്‍ ദേബെന്‍ ദത്തയെ ആക്രമിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ റോഷ്‌നി അപരഞ്ജി പറഞ്ഞു.
ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ഡോക്ടറാണ് താല്‍ക്കാലിക തൊഴിലാളിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. 33 കാരിയായ സുക്ര മാജിയെ ബന്ധുക്കള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എസ്റ്റേറ്റിനുള്ളിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോ. ദത്ത ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റും അവധിയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്ന് നല്‍കിയെങ്കിലും സുക്ര മാജി മരിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഡോ. ദത്ത എത്തിയപ്പോള്‍ പ്രകോപിതരായ തൊഴിലാളികള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ആശുപത്രിയിലെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.പോലീസ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഏറ്റവും മുതിര്‍ന്ന ഡോക്ടറായ ദത്ത വിരമിച്ച ശേഷം ടീ എസ്റ്റേറ്റില്‍ എക്സ്റ്റന്‍ഷനില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. സംഭവത്തല്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ടു.