ന്യൂദല്‍ഹി- മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. പി.സദാശിവത്തിനു പകരമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിയമനം. മുത്തലാഖ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോള്‍ തന്നെ ആരിഫ് ഖാന് അര്‍ഹമായ പദവി ലഭിക്കുമെന്ന് സൂചന ഉണ്ടായിരുന്നു.
ശാബാനു കേസ് വിധിയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ പാര്‍ട്ടി വിട്ടിരുന്നത്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ട അദ്ദേഹം പിന്നീട് ബി.ജെ.പി വിട്ടു.
മുസ്ലിം സമുദായത്തിലെ പരിഷ്‌കരണത്തിനു നടത്തുന്ന ശ്രമങ്ങള്‍ കണക്കിലെടുത്ത് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നപ്പോള്‍ സര്‍ക്കാരിനുവേണ്ടി ശക്തമായ വാദങ്ങളുമായി ആരിഫ് ഖാന്‍ രംഗത്തുണ്ടായിരുന്നു.