ജിദ്ദ- പുതിയ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ആയി നിയമിതനായ ഡോ. അവാദ് അൽഅവാദിന് നേരത്തെ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രിയായും റോയൽ കോർട്ട് ഉപദേഷ്ടാവ് ആയും സേവനമനുഷ്ഠിച്ച പരിചയ സമ്പത്തുണ്ട്. ഡോ. ബന്ദർ അൽഈബാന് പകരമാണ് മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് പദവിയിൽ ഡോ. അവാദ് അൽഅവാദ് മന്ത്രി പദവിയോടെ നിയമിക്കപ്പെട്ടത്.
2017-2018 കാലത്ത് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രിയായി ഡോ. അവാദ് അൽഅവാദ് സേവനമനുഷ്ഠിച്ചിരുന്നു. സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയത്തെ വിഭജിച്ച് ഇരു മേഖലകളെയും പ്രത്യേകം മന്ത്രാലയങ്ങളാക്കി മാറ്റിയതോടെ 2018 ൽ ഇൻഫർമേഷൻ മന്ത്രിയായും ഡോ. അവാദ് അൽഅവാദ് സേവനമനുഷ്ഠിച്ചിരുന്നു. പുതിയ പദവിയിൽ നിയോഗിക്കപ്പെടുന്നതിനു മുമ്പ് ഏറ്റവും അവസാനമായി റോയൽ കോർട്ട് ഉപദേഷ്ടാവ് പദവിയാണ് ഡോ. അവാദ് അൽഅവാദ് വഹിച്ചത്.
2015 ഒക്‌ടോബർ മുതൽ 2017 ഏപ്രിൽ വരെ ജർമനിയിലെ സൗദി അംബാസഡറായിരുന്നു. സാമ്പത്തിക, ധനകാര്യങ്ങൾക്കുള്ള കിരീടാവകാശിയുടെ ഉപദേഷ്ടാവായി 2015 ലും റിയാദ് ഗവർണറുടെ ഉപദേഷ്ടാവായി 2010 മുതൽ 2013 വരെയും പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ 2010 വരെയുള്ള കാലത്ത് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) ഡെപ്യൂട്ടി ഗവർണറായും സാജിയക്കു കീഴിലെ നാഷണൽ കോംപറ്റിറ്റീവ്‌നെസ് സെന്റർ പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിരുന്നു. സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിക്കു കീഴിലെ ബാങ്കിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ ഫിനാൻസ്, ബാങ്കിംഗ് കൺട്രോൾ സ്റ്റഡീസ് ഡയറക്ടറായി 2000 ൽ പ്രവർത്തിച്ചിരുന്നു. ലോക വ്യാപാര സംഘടയിൽ വാണിജ്യ തർക്കങ്ങളുമായി ബന്ധപ്പെട്ട സൗദി സംഘം മേധാവിയായും സൗദി-സ്വിറ്റ്‌സർലാന്റ് ജോയന്റ് കൗൺസിൽ, സൗദി-റഷ്യ ജോയന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ യോർക് യൂനിവേഴ്‌സിറ്റിയിൽനിന്ന് ഫിനാൻഷ്യൽ മാർക്കറ്റ് സിസ്റ്റംസിൽ രണ്ടായിരാമാണ്ടിൽ ഡോക്ടറേറ്റ് നേടിയ അവാദ് അൽഅവാദ് ബാങ്കിംഗ് ഓപറേഷൻസിൽ അമേരിക്കയിലെ ബോസ്റ്റൺ യൂനിവേഴ്‌സിറ്റിയിൽനിന്ന് 1996 ൽ മാസ്റ്റർ ബിരുദം നേടി. 1992 ൽ കിംഗ് സൗദ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് സയൻസസ് ഫാക്കൽറ്റിയിൽ നിന്ന് ബാച്ച്‌ലർ ബിരുദം കരസ്ഥമാക്കിയിരുന്നു. 2005 ലാണ് സൗദിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചത്.