ഗുവാഹത്തി- ആശങ്കയുടെ മുൾമുനയിൽ അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി)യുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ ഇന്ന് രാവിലെ വരെ ഇന്ത്യക്കാരായിരുന്ന 19.06 ലക്ഷം ആളുകളുടെ പൗരത്വം നഷ്ടമായി. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. 2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ 41 ലക്ഷം ആളുകള്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ നിന്നാണ് 19.06 ലക്ഷം പേര്‍ പുറത്തായത്. ഒഴിവായവര്‍ക്ക് അവസാന ഘട്ട ശ്രമമെന്ന നിലയിൽ അപ്പീല്‍ നല്‍കാന്‍ നാലു മാസം സമയം നല്‍കിയിട്ടുണ്ട്. ആറു മാസത്തിനകം അപ്പീലില്‍ തീരുമാനമെടുക്കും. അന്തിമ പട്ടിക പുറത്ത് വിടുന്നതിന്റെ മുന്നോടിയായി സുരക്ഷ മുന്‍ നിര്‍ത്തി 51 കമ്പനി കേന്ദ്രസേനയെ അസമിലേക്ക് അയച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ നാലുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു ദരിദ്രരും നിര്‍ധനരും പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധം വ്യാപകമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലടക്കം കനത്ത സുരക്ഷയൊരുക്കി. 20000 അര്‍ധസൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. കൂടുതല്‍ കേന്ദ്രസേനയെ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചുള്ള ഉന്നതതലയോഗം ചേര്‍ന്നിരുന്നു.
2005 മെയ് മാസമാണ് സംസ്ഥാനത്തെ യഥാര്‍ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ആര്‍സി സെന്ററുകള്‍ ആരംഭിച്ചിരുന്നു.1951 ലാണ് അവസാനമായി എന്‍ ആര്‍സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് അസം. 1951ല്‍ ആദ്യ പൗരത്വ രജിസ്റ്റര്‍ തയാറാക്കുമ്പോള്‍ അസമില്‍ 80 ലക്ഷമായിരുന്നു ജനസംഖ്യ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് 1979ല്‍ അഖില അസം വിദ്യാര്‍ഥി യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ആറു വർഷം നീണ്ട പ്രക്ഷോഭം 1985 ഓഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവച്ചതോടെയാണു അവസാനിച്ചത്.
അതേസമയം, പട്ടികയില്‍ പേരില്ലാത്തവരെ ഉടന്‍ തന്നെ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അപ്പീലുകള്‍ പരിഗണിക്കുന്നതിനായി ആയിരത്തോളം ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കും. ട്രൈബ്യൂണലില്‍ പരാജയപ്പെട്ടാലും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ സാധിക്കും. ആരെയും ഉടന്‍തന്നെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്നും നിയമപരമായ എല്ലാ വഴിയും ഇവര്‍ക്ക് ലഭിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രത്യേകപദവി റദ്ദാക്കിയ ശേഷമുള്ള ബിജെപിയുടെ മറ്റൊരു നീക്കമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. ബംഗാളി ഹിന്ദുക്കളായ പതിനായിരക്കണക്കിനാളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇതിനെതിരെ ബിജെപി തന്നെ രംഗത്തെത്തിയിരുന്നു.