Sorry, you need to enable JavaScript to visit this website.

മുൾമുനയിൽ അസം, പൗരത്വ പട്ടിക പത്ത് മണിക്ക് ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഗുവാഹത്തി- അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ഇന്ന് പത്ത് മണിക്ക്  പ്രസിദ്ധീകരിക്കും. 41 ലക്ഷത്തോളം പേര്‍ അന്തിമ രജിസ്റ്ററില്‍ ഉണ്ടാകില്ലെന്നാണ് സൂചന. ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുന്ന പുതിയ നീക്കത്തിൽ ഇനി എങ്ങോട്ടെന്നില്ലാതെ ലക്ഷങ്ങളായിരിക്കും ഇവിടെ ഉണ്ടാകുക. പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ജനങ്ങൾ തെരുവിലിറങ്ങാൻ സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുവാഹത്തിയിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസ്‌താവനകൾ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തി 51 കമ്പനി കേന്ദ്രസേനയെ അസമിലേക്ക് അയച്ചിട്ടുണ്ട്.  പൊതുസ്ഥലങ്ങളില്‍ നാലുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും നിരോധിച്ചിട്ടുണ്ട്. 20000 അര്‍ധസൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. കൂടുതല്‍ കേന്ദ്രസേനയെ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചുള്ള ഉന്നതതലയോഗം ചേര്‍ന്നിരുന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ, അസം ചീഫ് സെക്രട്ടറി അലോക് കുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
      41 ലക്ഷം ജനങ്ങളുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓണ്‍ലൈനായാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സേവ കേന്ദ്ര വഴി ലിസ്റ്റ് പരിശോധിക്കാനല്ല സൗകര്യവും  ഒരുക്കിയിട്ടുണ്ട്.  ലക്ഷക്കണക്കിന് പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവര്‍ക്കായി 47 കോടി രൂപയോളം ചെലവിട്ട് മാന്ദ്യയില്‍ 3000 പേരെ താമസിപ്പിക്കാവുന്ന വലിയ തടവുകേന്ദ്രം സര്‍ക്കാര്‍ പണിതുവരികയാണ്. പട്ടികയില്‍ പേരില്ലാത്തവരെ ഉടന്‍ തന്നെ വിദേശികളായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അപ്പീലുകള്‍ പരിഗണിക്കുന്നതിനായി ആയിരത്തോളം ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കും. ട്രൈബ്യൂണലില്‍ പരാജയപ്പെട്ടാലും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ സാധിക്കും. ആരെയും ഉടന്‍തന്നെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്നും നിയമപരമായ എല്ലാ വഴിയും ഇവര്‍ക്ക് ലഭിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പ്രത്യേകപദവി റദ്ദാക്കിയ ശേഷമുള്ള ബിജെപിയുടെ മറ്റൊരു നീക്കമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. ബംഗാളി ഹിന്ദുക്കളായ പതിനായിരക്കണക്കിനാളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇതിനെതിരെ ബിജെപി തന്നെ രംഗത്തെത്തിയിരുന്നു.
       1951 നാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. 1971 മാര്‍ച്ച് 25 നു ശേഷം അനധികൃതമായി കടന്ന് ഇന്ത്യയില്‍ ജീവിക്കുന്ന ആളുകളെ വേര്‍തിരിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിഷ്‌കരണമാണിതെന്നാണ് അസം, കേന്ദ്ര സര്‍ക്കാരുകളുടെ വാദം. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയില്‍ നിന്ന് ധാരാളം പേര്‍ പുറത്തായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായി.
ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ മുമ്പാകെ പരാതി സമര്‍പ്പിക്കാം. ഇതിനായി പത്ത് മാസം സമയപരിധി ലഭിച്ചേക്കും.

Latest News