കൊൽക്കത്ത- ആൾക്കൂട്ട ആക്രമണവും കൊലപാതകവും വ്യാപകമായതോടെ കടുത്ത നടപടികളുമായി പശ്ചിമ ബംഗാൾ സർക്കാർ. ഏതാനും മാസങ്ങൾക്കുള്ളിൽ തലസ്ഥാന നഗരിയായ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ തന്നെ നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇതിൽ തന്നെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തുടർന്നുള്ള ആക്രമണങ്ങളും പതിവാണ്. ഇതേ തുടർന്നാണ് ബംഗാൾ ഭരണകൂടം ശക്തമായ നിയമങ്ങളുമായി രംഗത്തെത്തിയത്. രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പശ്ചിമ ബംഗാളെന്നാണ് കണക്കുകൾ. ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. ആക്രമണ സ്വഭാവത്തിനനുസരിച്ച് കടുത്ത ജയിൽ ശിക്ഷയും പിഴയും അടക്കം പരമാവധി വധശിക്ഷയാണ് അക്രമികളെ ഇവിടെ കാത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൊണ്ടുവന്ന ബിൽ ഇന്നലെ അസംബ്ലിയിൽ ശബ്ദ വോട്ടോടെ വിജയിച്ചു .
രാജസ്ഥാനും നേരത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ബിൽ കൊണ്ട് വന്നിരുന്നു. ഇതിനു സമാനമായ ബില്ലാണ് പശ്ചിമ ബംഗാളും അവതരിപ്പിച്ചത്. ആൾക്കൂട്ട ആക്രമണങ്ങളിൽ പരിക്കേൽക്കുകയാണെങ്കിൽ മൂന്നു വർഷം തടവും ഒന്ന് മുതൽ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷക ലഭിക്കുക. ആക്രമണത്തെ തുടർന്ന് മരണപ്പെടുകയാണെങ്കിൽ കുറ്റവാളികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആൾക്കൂട്ട കൊലപാതകത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് പശ്ചിമ ബംഗാൾ സർക്കാർ നടപടിയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഭരണ കക്ഷിക്കൊപ്പം ബിജെപി ഒഴികെ കോൺഗ്രസ്, സി പി എം തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികളും ബില്ലിനെ പൂർണ്ണമായും പിന്തുണച്ചു.
എന്നാൽ,ബില്ലിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ നടപടിയെടുക്കാത്ത നിലപാടാണ് ബി ജെ പി സഭയിൽ സ്വീകരിച്ചത്. അതേസമയം, തങ്ങൾ സഭയിൽ ബില്ലിനെതിരെയാണ് നിലകൊണ്ടതെന്നും ബിജെപിയടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാനുള്ള ആയുധമായി ഇതിനെ തൃണമൂൽ ഉപയോഗിക്കുമെന്നും പ്രതിപക്ഷത്തെ കൂട്ടിലടക്കാൻ ശ്രമം നടക്കുമെന്നും ബി ജെ പി നിയമസഭാ ലീഡർ മനോജ് ടിഗ്ഗ പറഞ്ഞു. അതേസമയം, നിയമം അനാവശ്യമായി ഉപയോഗിക്കുകയില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് കോൺഗ്രസ് നേതാവ് അബ്ദുൽ മന്നാൻ പ്രതികരിച്ചു.