ന്യൂദൽഹി- കശ്മീരിലെ സ്ഥിതി സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിൽ സി.പി.എം നേതാവും പിരിച്ചുവിട്ട കശ്മീർ അസംബ്ലിയിലെ അംഗവുമായ യൂസുഫ് തരിഗാമിയെ സന്ദർശിച്ച ശേഷം നടത്തിയ പ്രതികരണത്തിലാണ് യെച്ചൂരി കേന്ദ്രത്തിന്റെ അവകാശവാദം കള്ളമാണെന്ന് വ്യക്തമാക്കിയത്.
എന്നെ ഒരു അതിഥി മന്ദിരത്തിലാണ് താമസിപ്പിച്ചത്. എനിക്ക് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. ആർക്കും എന്നെ കാണാനും അനുമതി ഇല്ലായിരുന്നു. സർക്കാർ പറയുന്നതല്ല കശ്മീരിലെ അന്തരീക്ഷം -യെച്ചൂരി പറഞ്ഞു.
'ഞാൻ ഇന്നലെ തരിഗാമിയെ കണ്ടു. അദ്ദേഹം വീട്ടിൽ തന്നെയാണുള്ളത്. അദ്ദേഹത്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. ആർക്കും അദ്ദേഹത്തെ കാണാനും കഴിയില്ല. ഒരു ഡോക്ടർ അദ്ദേഹത്തിന്റെ ആരോഗ്യം പരിശോധിച്ചു. ഈ വിവരങ്ങൾ ഞാൻ സുപ്രീം കോടതിയിൽ അറിയിക്കും.
ശ്രീനഗർ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ അകമ്പടിയോടെ തന്നെ തരിഗാമിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ വൈകിട്ട് തന്നെ തിരികെ വരണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ ഒരു ഡോക്ടർ തരിഗാമിയെ പരിശോധിക്കാതെ താൻ വരില്ലെന്ന് നിലപാട് സ്വീകരിച്ചുവെന്നും യെച്ചൂരി പറഞ്ഞു.
അതിനിടെ, ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസമാണ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകിയത്. തരിഗാമിയെ കോടതിയിൽ ഹാജരാക്കണമെന്ന യെച്ചൂരിയുടെ ഹേബിയസ് കോർപസ് ഹരജിയിലായിരുന്നു അനുമതി. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഉപാധികളോടെ സുപ്രീം കോടതി യെച്ചൂരിക്ക് അനുമതി നൽകുകയായിരുന്നു.