ന്യൂദൽഹി- ആറു വർഷത്തിനിടയിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ച (ജി.ഡി.പി) ഏറ്റവും കുറഞ്ഞ നിരക്കിൽ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ അതായത് ഏപ്രിൽ മുതൽ ജൂൺ വരെ അഞ്ചു ശതമാനം മാത്രമാണ് ജി.ഡി.പി. 2013-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര വളർച്ച ഇത്രയും താഴെ എത്തുന്നത്. ഇന്നലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കു പ്രകാരമാണിത്. കഴിഞ്ഞ പാദത്തിൽ (ജനുവരി മുതൽ മാർച്ച് വരെ) ജി.ഡി.പി 5.8 ശതമാനമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 8 ശതമാനമായിരുന്നു ജി.ഡി.പി.
വിവിധ മേഖലകളിലെ ഉപഭോക്തൃ ആവശ്യങ്ങളിലെ കുറവും സ്വകാര്യ നിക്ഷേപം കുറഞ്ഞതുമാണ് വളർച്ചാ നിരക്കിൽ ഇടിവുണ്ടാകാൻ കാരണമായത്. വിൽപനയിൽ വന്ന വൻ ഇടിവും ജി.ഡി.പി വളർച്ചയെ പ്രതികൂലമായി ബാധിച്ചു.
ഇന്ത്യയുടെ ജി.ഡി.പി നിരക്കിൽ ഇടിവുണ്ടാകുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധർ സൂചന നൽകിയിരുന്നു. 5.7 ശതമാനമായിരിക്കും വളർച്ച എന്നാണ് റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസിയുടെ സാമ്പത്തിക വിശകലന വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് പുറത്തു വന്നപ്പോൾ അഞ്ചു ശതമാനം മാത്രമായി വളർച്ച. നിലവിലുള്ള അവസ്ഥയിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഇനിയും കുറയാനാണ് സാധ്യത എന്ന വിലയിരുത്തലാണ് വിദഗ്ധർക്കുള്ളത്.