ന്യൂദല്‍ഹി- പ്രത്യേക പദവി നല്‍കിയിരുന്ന ഭരണണഘടനയിലെ അനുഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മിള മതോണ്ട്കര്‍. നിയന്ത്രണങ്ങള്‍ കാരണം കശ്മീരില്‍ കഴിയുന്ന ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറഞ്ഞു.
തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കശ്മീരിലാണ് കഴിയുന്നത്. അവരോട് സംസാരിക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ 22 ദിവസമായി തനിക്കോ ഭര്‍ത്താവിനോ അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തികച്ചും മനുഷ്യത്വരഹിതമായ നടപടിയണിതെന്നും ഊര്‍മിള മതോണ്ട്കര്‍ കുറ്റപ്പെടുത്തി.
പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവരാണ് ഭര്‍തൃപിതാവും മാതാവും. അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മരുന്നുകള്‍ ലഭ്യമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഊര്‍മിള പരാജയപ്പെടുകയായിരുന്നു.