മുംബൈ-സിനിമയില്‍ അവസരങ്ങള്‍ തേടി മുംബൈയില്‍ താമസമാക്കിയ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ചാടിമരിച്ച നിലയില്‍ കണ്ടെത്തി. പേള്‍ പഞ്ചാബി എന്ന യുവതിയാണ് ഓഷിവാരയില്‍ ഫ് ളാറ്റിലെ മൂന്നാം നിലയില്‍നിന്ന് ചാടി മരിച്ചത്.
അര്‍ധ രാത്രിക്കുശേഷമാണ് സംഭവമെന്ന് അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരന്‍ പോലീസില്‍ മൊഴി നല്‍കി. എന്തോ വീഴുന്ന ശബ്ദം കേട്ട് താന്‍ ചെന്നു നോക്കുമ്പോള്‍ യുവതി മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ജീവനക്കാരന്‍ പറഞ്ഞു.
ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും സിനിമയില്‍ അവസരങ്ങള്‍ തേടി മുംബൈയിലെത്തിയ യുവതിക്ക് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പറയുന്നു. ഇതിന് പുറമെ അമ്മയുമായി കലഹത്തിലുമായിരുന്നുവെന്നും നേരത്തെ രണ്ടു തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.