ഭോപ്പാൽ- കശ്‌മീരിൽ തങ്ങളുടെ വാക്ക് പാലിച്ചെന്നും അടുത്തത് അയോധ്യയാണെന്നും ബി ജെ പി നേതാവും മാലേഗാവ് സ്‌ഫോനടക്കേസ് മുഖ്യപ്രതിയും ഭോപാല്‍ എം.പിയുമായ പ്രഗ്യ സിങ് താക്കൂർ. "ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയ പോലെ തന്നെ അയോധ്യയിൽ റാം മന്ദിർ നിർമ്മിക്കുക തന്നെ ചെയ്യും. അയോധ്യയിൽ ശ്രീകോവിൽ പണിയുന്നതുവരെ എനിക്ക് ഒന്നും സംഭവിക്കില്ല. ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്‌തത് രാജ്യത്തെ ഒന്നിപ്പിച്ചുവെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഇനി അയോധ്യയിൽ അമ്പലം നിർമ്മിക്കുന്നതിന് എല്ലാവരും സാക്ഷിയാകും" പ്രഗ്യാസിങ് താക്കൂർ ഭോപ്പാലിൽ മാധ്യപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. വിവാദ പ്രസ്‌താവനകളുമായി ഇടയ്ക്കിടെ രംഗത്തെത്തുന്ന പ്രഗ്യാസിങ് താക്കൂറിന് ബി ജെ പി പരസ്യ പ്രസ്‌താവനകളിൽ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് മാലേഗാവ് സ്‌ഫോനടക്കേസ് മുഖ്യപ്രതിയായ പ്രഗ്യാസിങ്ങിന്റെ പുതിയ പ്രസ്‌താവന.
അടുത്തിടെ ഉത്തർ പ്രദേശ് മന്ത്രി സുനിൽ ഭരളയും സമാനമായ പ്രസ്‌താവനകൾ നടത്തിയിരുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായിരിക്കെ തന്നെ അയോധ്യയിൽ അമ്പലം പണിയുമെന്നും യോഗി ഒരു അപാര മനുഷ്യനാണെന്നും സ്വന്തം കൈകൊണ്ട് അമ്പലം നിർമ്മിക്കുന്ന വ്യക്തിയായിരിക്കും യോഗിഎന്നുമായിരുന്നു യു പി മന്ത്രി പറഞ്ഞിരുന്നത്.