ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ ജനങ്ങളെ തടങ്കലിലിടുന്നതിനെ കുറിച്ചും തുടരുന്ന നിയന്ത്രണങ്ങളെ കുറിച്ചും പുറത്തു വരുന്ന വാര്‍ത്തകള്‍ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക. കശ്മീരിലെ സാഹചര്യങ്ങളെ നീരീക്ഷിച്ചു വരികയാണെന്നും യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നും നടപടികള്‍ നിയമപരമായിരിക്കണമെന്നും പ്രശ്‌നബാധിതരായവരുമായി എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ചര്‍ച്ച വേണമെന്നുമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്- വക്താവ് പറഞ്ഞു. നിയന്ത്രണ രേഖാ മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതിന്റേയും അതിര്‍ത്തി കടന്നുള്ള ഭീകരത തടയേണ്ടതിന്റേയും ആവശ്യവും യുഎസ് വക്താവ് ഊന്നിപ്പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ യുഎസ് ഇന്ത്യയെ ഉണര്‍ത്തുന്നുണ്ടെന്ന വാര്‍്ത്തകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് യുഎസ് വക്താവ് ഇങ്ങനെ പറഞ്ഞത്.
കശ്മീര്‍ ഉടന്‍ സാധാരണ രാഷ്ട്രീയ നിലയിലേക്ക് തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയവും ബന്ധപ്പെട്ട മറ്റുവിഷയങ്ങളിലും ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ചര്‍ച്ച നടത്തുന്നതിനുള്ള യുഎസ് പിന്തുണ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.