നിലമ്പൂർ- എൻ.ഡി.എ ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടു വിവേചനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വയനാട് എം.പിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി. മണ്ഡലത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ച ശേഷം മമ്പാട് ടാണ ടീക് ടൗൺ വില്ലയിൽ ചേർന്ന വണ്ടൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം മൂലം ഏറെ വിനാശം വിതച്ച വയനാട് മണ്ഡലത്തിന്റെ പുനർനിർമാണത്തിന് എല്ലാവരും കൈകോർക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നു പരമാവധി സഹായം നേടിയെടുക്കാൻ എം.പിയെന്ന നിലയിൽ ശ്രമം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചവർക്ക് മാത്രമേ സഹായം നൽകൂവെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ജനപ്രതിനിധികൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പ്രളയത്തെ തുടർന്നു ബന്ധുവീടുകളിലും മറ്റും കഴിഞ്ഞ ശേഷം വീടുകളിലേക്ക് തിരികെ പോയവർക്കും സഹായം ലഭ്യമാക്കുമെന്നും രാഹുൽ ഉറപ്പു നൽകി. വയനാട് മണ്ഡലത്തെ ടൂറിസം മേഖലയാക്കി മാറ്റുന്നതിനു എല്ലാ ശ്രമവും നടത്തും. പ്രളയക്കെടുതിയിൽ നിന്നു വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ആദ്യം പ്രളയത്തിന്റെ കണക്കുകൾ നിരത്തി. പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് നഷ്ടത്തിന്റെ പട്ടിക രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, കെ.സി വേണുഗോപാൽ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ എം.എൽ.എ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഖാലിദ്, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല, മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.