ചെന്നൈ- റെയിൽവേ ഡ്യുട്ടിക്കിടെ മലയാളി വനിത സ്‌റ്റേഷൻ മാസ്‌റ്റർക്ക് കുത്തേറ്റു. മലയാളിയായ അഞ്ജന എന്ന ഉദ്യോഗസ്ഥക്കാണ് കുത്തേറ്റത്. മോഷണം ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രണമെന്ന് സൂചന. യുവതിയുടെ കൂടെ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ മോട്ടോർ ഓൺ ചെയ്യാനായി പുറത്ത് പോയ സമയത്താണ് സംഭവം. യുവതി തനിച്ചിരിക്കുന്ന വേളയിൽ സ്‌റ്റേഷൻ മാസ്‌റ്ററുടെ മുറിയിലെത്തിയ അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സഹ ജീവനക്കാരന്‍ തിരിച്ചെത്തുന്നത് കണ്ട് അക്രമി ഓടി രക്ഷപ്പെട്ടു. മോഷണശ്രമമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. പരിക്കേറ്റ അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.