സുപോള്‍- സഹോദരങ്ങളായ രണ്ടു കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്ത ബിഹാര്‍ സ്വദേശികളായ രണ്ടു സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കുറ്റം ചാര്‍ത്തിയാണ് അറസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ വിവാഹിതരായത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെ ജമ്മു കശ്മീര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കശ്മീരിലെ റംബാന്‍ ജില്ലക്കാരാണ് പെണ്‍കുട്ടികളെന്ന് ബിഹാര്‍ പോലീസ് പറഞ്ഞു. ബിഹാറിലെ സുപോള്‍ ജില്ലയിലെ രാംവിഷ്ണുപൂര്‍ സ്വദേശികളായ പര്‍വേസ് ആലം, തവ്‌റെജ് ആലം എന്നീ യുവാക്കളാണ് പിടിയിലായത്. റംബാനില്‍ കാര്‍പെന്റര്‍മാരായി ജോലി ചെയ്യുന്നതിനിടെ ഇവര്‍ പെണ്‍കുട്ടികളുമായി പ്രണയത്തിലാകുകയായിരുന്നു. പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണ് വിവാഹം ചെയ്തതെന്നും ഇവര്‍ പറഞ്ഞു. ഇവരെ വിവാഹ ശേഷം ബിഹാറിലേക്കു കൊണ്ടു വന്നു. ഇതോടെ പെണ്‍കുട്ടികളുടെ പിതാവാണ് മക്കളെ തട്ടിക്കൊണ്ടു പോയെന്ന് പോലീസില്‍ പരാതിപ്പെട്ടത്.