Sorry, you need to enable JavaScript to visit this website.

കശ്മീരികളോട് ഐക്യദാര്‍ഢ്യം: പാക്കിസ്ഥാനില്‍ നാളെ ദേശവ്യാപക പ്രകടനം

ഇസ്ലാമാബാദ്- കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ, കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയതിനെതിരെ  രാജ്യവ്യാപകമായി നാളെ പ്രകടനം നടത്താന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.
കാശ്മീരി ജനതയോട് ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുന്നതിനായി എല്ലാ പാക്കിസ്ഥാനികളും നാളെ ഉച്ചക്ക് 12 മുതല്‍ 12.30 വരെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കണമെന്ന് ഇംറാന്‍ ഖാന്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. പാക്കിസ്ഥാന്‍ കശ്മീരികള്‍ക്കു പിന്നില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനാണിതെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു.
അടുത്ത മാസം ഐക്യരാഷ്ട്ര പൊതുസഭ ചേരന്നതുവരെ ദേശവ്യാപകമായി പ്രതിവാര റാലികള്‍ നടത്തണമെന്ന് പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പൊതുസഭയില്‍ കശ്മീരികളുടെ പ്രതിനിധിയായാണ് താന്‍ പങ്കെടുക്കുകയെന്നും ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കാനും കശ്മീരിനെ വിഭജിക്കാനും നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ആഴ്ചകളായി രൂക്ഷമായി കൊണ്ടിരിക്കയാണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇരു രാജ്യങ്ങള്‍ക്കുമായി വീതിച്ചു നല്‍കിയ കശ്മീര്‍  രണ്ട് പ്രധാന യുദ്ധങ്ങള്‍ക്കും നിരവധി ഏറ്റുമുട്ടലുകള്‍ക്കും കാരണമായിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായ തീവ്രവാദ സംഘടന നടത്തിയ പുല്‍വാമ ഭീകരാക്രമണം ഇരുരാജ്യങ്ങളേയും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ പാക്കധീന കശ്മീരില്‍ കടന്നു കയറി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. പലതരം ആയുധങ്ങള്‍ വഹിക്കാന്‍ശേഷിയുള്ള ഭൂതല
ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായുള്ള സൈന്യത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ന് പ്രകടനങ്ങള്‍ നടത്താനുള്ള ഇംറാന്‍ ഖാന്റ ആഹ്വാനം.

 

Latest News