ശ്രീനഗർ- ജമ്മുകശ്മീരിൽ വീട്ടു തടങ്കലിൽ കഴിയുന്ന എം.എൽ.എയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിച്ചു. ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി തരിഗാമിയെ കാണാനെത്തിയത്. തരിഗാമിയെ കാണാൻ യെച്ചൂരിക്ക് സുപ്രീം കോടതി ഇന്നലെയാണ് അനുമതി നൽകിയത്. ഉച്ചയോടെ ശ്രീനഗറിലെത്തിയ യെച്ചൂരി സുരക്ഷ അകമ്പടിയോടെ തരിഗാമിയുടെ വസതിയിലേക്ക് പോയി. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് സന്ദർശനം അവസാനിച്ചത്. തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ വേണ്ടി മാത്രമാണ് കോടതി അനുമതി നൽകിയത്. ഇതൊരു രാഷ്ട്രീയ സന്ദർശനം ആകരുത് എന്ന് കോടതി നിർദേശം നൽകിയിരുന്നു. അതിനിടെ ഇന്ന് കശ്മീരിൽ തങ്ങണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടെങ്കിലും ഇതേവരെ സുരക്ഷ ഉദ്യോഗസ്ഥർ അനുമതി നൽകിയിട്ടില്ല.