ലേ(കശ്മീർ)- പാക്കിസ്ഥാന് കശ്മീരിന് മേൽ അവകാശവാദം ഉന്നയിക്കാനുള്ള നിയമപരമായ അവകാശമില്ലെന്നും അവർ വെറുതെ കരയുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കശ്മീർ എന്നാണ് പാക്കിസ്ഥാന്റെ ഭാഗമായതെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു. ലേയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാൻ രൂപീകൃതമായത് മുതൽ ആ രാജ്യത്തിന്റെ വ്യക്തിത്വം ഇന്ത്യ അംഗീകരിക്കുന്നുണ്ടെന്നും കശ്മീർ എല്ലാകാലത്തും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാക്കിസ്ഥാനുമായി നല്ല അയൽപക്ക ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റിയയക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. കശ്മീർ വിഷയത്തിൽ ഒരു ലോകരാജ്യവും നിലവിൽ പാക്കിസ്ഥാനൊപ്പമില്ലെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി തന്നെ ഫോണിൽ വിളിച്ച് കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞുവെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ നേടാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത ശേഷം ഇതാദ്യമായാണ് പ്രതിരോധ മന്ത്രി കശ്മീർ സന്ദർശിക്കുന്നത്.