ന്യൂദൽഹി- കശ്‌മീർ സംഘർഷത്തിന്റെ ഭാഗമായി പാകിസ്ഥാൻ തങ്ങളുടെ മൂന്ന് വ്യോമ പാതകൾ അടച്ചു. കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് പാതകൾ ഓഗസ്റ്റ് 31 വരെ വരെ അടച്ചിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാക് ആകാശത്ത് ഇന്ത്യയ്ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ആലോചിക്കുന്നതായി പാക് ശാസ്‌ത്ര സാങ്കേതിക മന്ത്രി ഫവദ് ചൗധരി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് റൂട്ടുകളെ പാകിസ്ഥാന്റെ നീക്കം പ്രതികൂലമായി ബാധിക്കും. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. വ്യോമ പാത അടക്കുന്നതിനു പുറമെ അഫ്ഗാനിസ്ഥാനിലേക്ക് പാക് റോഡ് വഴിയുള്ള വ്യാപാര ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പാകിസ്ഥാന്‍ ആലോചിക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ പ്രധാനമന്ത്രി വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.