റായ്‌പൂർ- ലഹരിക്കടിമപ്പെട്ടാൽ ക്രൂരത ഹരമായി മാറുമെന്നത് വ്യക്തമാക്കി വീണ്ടുമൊരു ക്രൂര വാർത്ത.
മദ്യം വാങ്ങാൻ പണം നൽകാതിരുന്ന മാതാവിനെ കൊലപ്പെടുത്തി തലച്ചോറെടുത്ത് കറിവെച്ച ക്രൂര വാർത്തയാണ് ഛത്തീസ്‌ഗഡിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതിയായ യുവാവ് പോലീസ് പിടിയിലായിട്ടുണ്ട്. മദ്യം ഉപയോഗിക്കുന്നത് തടയാൻ ശ്രമിച്ചതിന്റെ അരിശം തീർക്കാനാണ് തലച്ചോർ പൊളിച്ചെടുത്ത് ഫ്രൈ ആക്കിയത്. ഛത്തീസ്ഗഡിലെ ഖാർസിയ ജില്ലയിലെ ബോറാൾഡ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.
ആൽക്കഹോളിനു അടിമയായിരുന്ന സീതാറാം ഒറാവോൻ മദ്യം വാങ്ങാനായി പണം ചോദിച്ചാണ് മാതാവിന്റെയടുത്തെത്തിയത്. എന്നാൽ, എങ്ങനെയെങ്കിലും മകനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയിരുന്ന മാതാവ് ഫൂലോ ബായി പണം നൽകാൻ കൂട്ടാക്കിയില്ല. പണം നിരസിച്ചതിൽ പ്രകോപിതനായ സീതാറാം കത്തി ഉപയോഗിച്ച് മാതാവിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷമാണു തലയോട്ടി പിളർത്തി തലച്ചോർ പുറത്തെടുത്ത് ഫ്രൈപാനിലിട്ട് വേവിച്ച് കഴിച്ചത്. അതിനിടെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട് വിട്ടിറങ്ങിയ ഇയാളെ പിന്നീട് പോലീസെത്തിയാണ് പിടികൂടിയത്.
സഹോദരന്റെ ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് ഭർത്താവ് വീട്ടിലെത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. യുവതി കണ്ടതിനാൽ വേവിച്ച തലച്ചോർ പൂർണമായും ഇയാൾക്ക് ഭക്ഷിക്കാനായില്ല. പിന്നീട് സമീപ പ്രദേശത്ത് നിന്നും ചോരപുരണ്ട വസ്‌ത്രവുമായാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കടുത്ത മദ്യത്തിനടിമയായിരുന്ന സീതാറാമിനെ അതിൽ ഇന്നും മോചിപ്പിക്കാൻ ഏറെ ശ്രമം നടത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. ഇതേ ചൊല്ലി തർക്കം രൂക്ഷമായപ്പോൾ താൻ സ്വസ്ഥമായി വീട് മാറി താമസിക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. പിന്നീട് ഇയാൾ മാതാവിനോടൊപ്പം തനിച്ചായിരുന്നു താമസിച്ചിരുന്നത്.