ന്യൂദൽഹി- നേരിട്ടുള്ള വിദേശനിക്ഷേപത്തിലെ വ്യവസ്ഥകളിൽ വൻ ഇളവ് വരുത്തി കേന്ദ്ര സർക്കാർ രംഗത്ത്. ഡിജിറ്റൽ മേഖല, റീട്ടെയ്ൽ മേഖല, ഉൽപാദന മേഖല, സിംഗിൾ ബ്രാൻഡ് എന്നിവയിലാണ് നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളിൽ ഇളവു വരുത്തിയത്. സാമ്പത്തിക മേഖലയെ തകർച്ചയിൽനിന്ന് പിടിച്ചുനിർത്താനാണ് വ്യവസ്ഥകൾ ഉദാരമാക്കിയതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ 26 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചത്. കൽക്കരി ഖനനത്തിൽ നൂറു ശതമാനം നിക്ഷേപത്തിനും അനുമതി നൽകി. രാജ്യാന്തര തലത്തിൽ മികച്ച കൽക്കരി വിപണിയാകാൻ ഇന്ത്യക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ. സിംഗിൾ ബ്രാൻഡ് റീട്ടെയ്ൽ വ്യാപാരരംഗത്തെ പ്രാദേശിസ നിക്ഷേപങ്ങൾ ഉദാരമാക്കിയതോടെ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മുമ്പേ ഓൺലൈൻ വ്യാപാരം തുടങ്ങാം. രാജ്യത്ത് പുതുതായി 75 മെഡിക്കൽ കോളേജ് തുടങ്ങാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മൂന്നു വർഷത്തിനകം ഈ മെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങും. 15,700 സീറ്റുകൾ അധികം ലഭിക്കും.