ശ്രീഹരിക്കോട്ട- ഇന്ത്യയുടെ അഭിമാനമായി കുതിക്കുന്ന ചന്ദ്രയാൻ രണ്ടിന്റെ മൂന്നാം ഭ്രമണ പഥമാറ്റവും വിജയകരമായി പൂർത്തീകരിച്ചെന്നു ഐ എസ് ആർ ഒ അറിയിച്ചു. ബുധനാഴ്ച്ച രാവിലെ 9.04 ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്‍ഡുകള്‍ക്കൊണ്ട് പൂര്‍ത്തിയായി. അടുത്ത ഭ്രമണപഥമാറ്റം വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്ക് നടക്കും. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. ക്രമമായി ഭ്രമണപഥം താഴ്ത്തി സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രയാൻ പ്രതീക്ഷിച്ച പോലെ തന്നെ മുന്നേറുകയാണെന്നും പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
നാലു പഥങ്ങള്‍ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അന്തിമ പഥത്തിലേക്ക് പേടകം പ്രവേശിക്കുക. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ 2 മാറും. അതിനായുള്ള കാത്തിരിപ്പിലാണ് ശാസ്‌ത്ര ലോകം.