മെക്‌സിക്കോ സിറ്റി- കിഴക്കൻ മെക്‌സിക്കോയിലെ ബാറിന് നേരെ നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 11 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. ഒരു സംഘം ആളുകള്‍ ബാറിനു പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നിരവധി സ്‌ത്രീകളുമുണ്ട്. ലജ്‌ജാകരമായ ആക്രമണമാണ് നടന്നതെന്നും സംഭവത്തിന്റ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപസ് ഒബ്രഡോർ പറഞ്ഞു. ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. തീപടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള വാതിലുകൾ അക്രമികൾ അടച്ചതോടെ തീപിടിത്തം ഉണ്ടായപ്പോൾ പുറത്തിറങ്ങാൻ കഴിയാതെയാണ് ആളുകൾ പൊള്ളലേറ്റ് മരിച്ചത്. മയക്കുമരുന്ന് ഉപഭോഗത്തിലും ആക്രമണത്തിലും ലോകത്ത് കുപ്രസിദ്ധി നേടിയ നാടുകാളിലൊന്നാണ് മെക്‌സിക്കോ. 2006 നു ശേഷം 250,000 കൊല്ലപ്പെട്ടതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം 33,753 ആളുകളാണ് കൊല്ലപ്പെട്ടത്.