റാവല്‍പിണ്ഡി- കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പാക്കിസ്ഥാന്റെ പ്രതികരണങ്ങള്‍ തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ മന്ത്രി. ഒക്ടോബറിലോ നവംബറിലോ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു മുഴു യുദ്ധം തന്നെ നടക്കുമെന്ന് പാക് റെയില്‍വെ മന്ത്രി ശെയ്ഖ് റാശിദ് അഹ്മദ് റാവല്‍പിണ്ഡിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിന്റെ അന്തിമ സ്വാതന്ത്ര്യസമരത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി നടക്കാനിരിക്കുന്ന യുദ്ധം അവസാനത്തേതായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മോഡി ഫാഷിസ്റ്റാണെന്നും കശ്മീര്‍ തകര്‍ത്തതിനു ഉത്തരവാദിയാണെന്നും അഹ്മദ് ആരോപിച്ചു. മോഡിക്കു മുന്നിലെ ഏക തടസ്സം പാക്കിസ്ഥാനാണ്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് ബാക്കിയുള്ള മുസ്ലിം ലോകം നിശബ്ദമായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്ന വിഷയം യുഎന്‍ ഗൗരവത്തിലെടുത്തിട്ടില്ല. പ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവിടെ ജനഹിത പരിശോധന നടത്തുമായിരുന്നു- പാക് മന്ത്രി പറഞ്ഞു.