മാനഭംഗം തടയാന്‍ ശ്രമിച്ചതിന് ഒരു കുടുംബത്തിലെ 16 പേര്‍ക്കു നേരെ ആസിഡ് ആക്രമണം

പട്‌ന- മാനഭംഗ ശ്രമം തടഞ്ഞതിന് പ്രതികാരമായി ആക്രമികള്‍ യുവതിയുടെ 16 കുടുംബാംഗങ്ങള്‍ക്കു നേരെ ആഡിഡ് ആക്രമണം നടത്തി. എട്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബിഹാറിലെ വൈശാലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഒരു സംഘം യുവാക്കള്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം നന്ദ കിഷോര്‍ ഭഗത് എന്നയാളുടെ ബന്ധുക്കളും ഈ യുവാക്കളുമായി വഴക്കുണ്ടായിരുന്നു. ഇരു കൂട്ടരും തമ്മില്‍ കഴിഞ്ഞ ദിവസം അടിപിടിയുണ്ടായെങ്കിലും സമാധാനന്തരീക്ഷം പുനസ്ഥാപിച്ചിരുന്നതായി  പോലീസ് പറഞ്ഞു.

എന്നാല്‍ ബുധനാഴ്ച രാവിലെ ഒരു സംഘം ആക്രമികള്‍ നന്ദ കിഷോറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങള്‍ക്ക് നേരെ ആസിഡൊഴിക്കുകയായിരുന്നു. വീട്ടിലെ എല്ലാവര്‍ക്കും പരിക്കേറ്റു. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ ഗുരുതര പൊള്ളലുകളുമായി ഹാജിപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് 20 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു. ഇവരില്‍ ഏതാനും യുവാക്കള്‍ കുറച്ചു നാളുകളായി ഈ കുടുംബത്തിലെ ഒരു യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ കുടുംബം ഇവരെ നേരത്തെ ശാസിച്ചു വിട്ടിരുന്നു. പ്രതികളില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Latest News