ന്യൂദല്‍ഹി- തൊഴിലാളികള്‍ അടയ്‌ക്കേണ്ട എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ. നിര്‍ദേശം നടപ്പാകുന്നതോടെ ജീവനക്കാര്‍ക്ക് കൂടുതല്‍ തുക ശമ്പളമായി കൈവശം ലഭിക്കും. അതേസമയം തൊഴിലുടമ അടയ്‌ക്കേണ്ട 12 ശതമാനം ഇ.പി.എഫ് വിഹിതത്തില്‍ മാറ്റമുണ്ടാകില്ല.
തൊഴിലാളി സ്ത്രീയോ പുരുഷനോ, പ്രായം, ലഭിക്കുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇ.പി.എഫ് വിഹിതം തീരുമാനിക്കുന്നത്. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമാണ് ഇ.പി.എഫ് വിഹിതമായി പിടിക്കുന്നത്. ഇതില്‍ തൊഴിലാളിയും തൊഴിലുടമയും തുല്യമായി 12 ശതമാനം വീതമാണ് അടയ്‌ക്കേണ്ടിയിരുന്നത്. 15,000 രൂപയും അതില്‍ കൂടുതലും പ്രതിമാസ വേതനമുള്ള തൊഴിലാളിയും 20 ജീവനക്കാരില്‍ കൂടുതലുള്ള തൊഴിലുടമയും ഇ.പി.എഫ് വിഹിതം അടയ്ക്കണമെന്നത് നിര്‍ബന്ധമാണ്. ബീഡി, ഇഷ്ടിക, പരുത്തി, കയര്‍, വ്യവസായ മേഖലകളിലെ തൊഴിലാളികളില്‍ നിന്ന് പത്തു ശതമാനം മാത്രമാണ് ഇ.പി.എഫ് വിഹിതം ഈടാക്കിയിരുന്നത്.
ഇപ്പോള്‍ എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് നിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ ശുപാര്‍ശ കേന്ദ്ര തൊഴില്‍ മന്ത്രാലയം മുന്നോട്ടു വെച്ചിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസില്ലേനിയസ് പ്രൊവിഡന്റ് ബില്‍ 2019 ന്റെ ഭാഗമാണ് നിര്‍ദേശം.
വീട്ടു ജോലിക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെയും ഇ.പി.എഫ് പരിധിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. എല്ലാവരെയും സാമൂഹിക സുരക്ഷാ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നതാണു ലക്ഷ്യം. എന്നാല്‍, ഇവരുടെ കാര്യത്തില്‍ തൊഴില്‍ ഉടമ ഇ.പി.എഫ് വിഹിതം അടയ്‌ക്കേണ്ടതുണ്ടോ എന്നതില്‍ സര്‍ക്കാര്‍ വേറെ വിജ്ഞാപനം ഇറക്കും. പ്രൊവിഡന്റ് ഫണ്ട് നിയമ ഭേദഗതിയിലൂടെ ഏതു വിഭാഗത്തിലുള്ള തൊഴിലാളിയുടെയും ഇ.പി.എഫ് പരിധിയും കാലാവധിയും തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കുന്ന നിയമഭേദഗതിയാണ് ലക്ഷ്യമിടുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രധാനമന്ത്രി ശ്രം യോഗി മന്‍ ധാന്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണിത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, സ്വയം തൊഴില്‍ മേഖയിലുള്ളവര്‍ എന്നിവരെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്താണു പദ്ധതി. ഓഗസ്റ്റ് 23 ന് ഇറക്കിയ ഇ.പി.എഫ് മിസലേനിയസ് ഭേദഗതി ബില്‍ 2019 മറ്റു സര്‍ക്കാര്‍ വകുപ്പും സംസ്ഥാനങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 22 വരെ ഇതിന്‍മേല്‍ അഭിപ്രായം അറിയിക്കാം.
ഈ മാറ്റങ്ങള്‍ രാജ്യത്തെ തൊഴില്‍ മേഖലയെ ഊര്‍ജിതപ്പെടുത്തുമെന്നും ഉല്‍പ്പാദന മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നുമാണ് കരട് ഭേദഗതി ബില്ലിനൊപ്പമുള്ള കുറിപ്പില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അവകാശപ്പെടുന്നത്. ചിലപ്പോള്‍ ഒരു നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവര്‍ ഇ.പി.എഫ് വിഹിതം അടയ്‌ക്കേണ്ടതില്ലെന്ന് നിര്‍ദേശവും ഉണ്ടായേക്കും. ഇ.പി.എഫ്.ഒയും നാഷണല്‍ പെന്‍ഷന്‍ പദ്ധതിയും തമ്മില്‍ ബന്ധിപ്പിച്ചാണ് ഇതിനു രൂപം നല്‍കുക.
ഇ.പി.എഫുമായി ബന്ധപ്പെട്ട വേതനത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തണമെന്നാണ് മറ്റൊരു നിര്‍ദേശം. നിലവില്‍ അടിസ്ഥാന ശമ്പളം, ഡി.എ, ആര്‍.എ എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇ.പി.എഫ് വിഹിതം നിര്‍ണയിച്ചിരുന്നത്. എന്നാല്‍, ഭേദഗതി നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളത്തിനു പുറമേ അമ്പതു ശതമാനത്തിനു മുകളില്‍ ലഭിക്കുന്ന എല്ലാ അലവന്‍സുകളും ഉള്‍പ്പെടുന്ന ആകെ തുക വേതനമായി കണക്കാക്കണം എന്നാണ്.