ന്യൂദൽഹി- ഇന്ത്യയിലേക്കുള്ള മുഴുവൻ വ്യോമ, കര, മാർഗ്ഗങ്ങൾ അടക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ രംഗത്ത്. അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ളവ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്നും മന്ത്രി സി.എച്ച്.ഫവാദ് ഹുസൈൻ ട്വിറ്ററിൽ വ്യക്‌തമാക്കി. ഇന്ത്യയിലേക്ക് പാക്കിസ്ഥാനു മേലുള്ള വ്യോമപാത പൂര്‍ണമായി അടയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസ്സപ്പെടുത്താനും ഇമ്രാൻ ആലോചിക്കുന്നതായി ഫവാദ് ഹുസൈൻ വ്യക്തമാക്കി. കരമാർഗ്ഗം അഫ്‌ഗാനിസ്ഥാനുമായി ഇന്ത്യ പുലർത്തുന്ന ബന്ധം അവസാനിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. നരേന്ദ്ര മോദി തുടങ്ങിയത് ഞങ്ങൾ അവസാനിപ്പിക്കുമെന്ന ഭീഷണിയോടെയാണ് പാകിസ്ഥാൻ നീക്കം. ഇക്കാര്യത്തിൽ പാകിസ്ഥാൻ മന്ത്രി സഭയിൽ തീരുമാനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാകിസ്താന്‍ തുറന്നിരുന്നത്.