ന്യൂദല്‍ഹി- ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം അടുത്ത മാസം ആദ്യവാരത്തില്‍. പ്രതിരോധം, കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കും.
പ്രതിരോധ രംഗത്തെ കരാറുകളാണ് പ്രധാനം. വ്യോമാക്രമണം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ(അവാക്‌സ്)ത്തിന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ പക്കല്‍ നിലവില്‍ അഞ്ച് അവാക്‌സ് സംവിധാനമാണുള്ളത്. റഷ്യന്‍ നിര്‍മിത എ-50, ഇസ്രായില്‍ നിര്‍മിത ഫാല്‍ക്കണ്‍ എന്നിവ. ഇതിനൊപ്പമാണ് 200 കോടി ഡോളര്‍ ചെലവില്‍ രണ്ടെണ്ണം കൂടി വാങ്ങുന്നത്.
പാക്കിസ്ഥാന് സ്വീഡിഷ്, ചൈനീസ് നിര്‍മിതമായ ഏഴ് അവാക്‌സ് വിമാനങ്ങളുണ്ട്. മൂന്നെണ്ണം കൂടി ചൈനയില്‍ നിന്ന് വാങ്ങാന്‍ പാക്കിസ്ഥാന് പദ്ധതിയുണ്ട്.
വ്യോമാക്രമണ മിസൈലായ ഡെര്‍ബിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇസ്രായിലില്‍നിന്ന് വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കുമെന്നാണ് സൂചന.
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രായില്‍ സംഘം സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയിലെത്തും. നെതന്യാഹുവിന്റെ സന്ദര്‍ശതീയതി നിശ്ചയിച്ചിട്ടില്ല. സെപ്റ്റംബര്‍ ഏഴ്, എട്ട് ദിവസങ്ങളിലായിരിക്കും സന്ദര്‍ശനമെന്നാണ് കരുതുന്നത്.