അബുദാബി- ഹസ്സ അല്‍ മന്‍സൂരിയുടെ ബഹിരാകാശ യാത്രയോടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന യു.എ.ഇ ആഹ്ലാദത്തിമര്‍പ്പിലാണ്. സെപ്റ്റംബര്‍ 25 വൈകിട്ട് 6.56 നാണ് ഹസ്സയെ വഹിച്ചുകൊണ്ടുള്ള പേടകം രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് കുതിക്കുക.
ദൗത്യം വിജയിച്ചാല്‍ സ്‌പേസ് സ്റ്റേഷനില്‍ എത്തുന്ന ആദ്യത്തെ അറബ് പൗരനായിരിക്കും ഹസ്സ. എട്ടുദിവസത്തെ ബഹിരാകാശ പര്യടനത്തിന്റെ വിശദാംശങ്ങള്‍ യു.എ.ഇ പുറത്തുവിട്ടു തുടങ്ങി.
36 കാരനായ ഹസ്സ റഷ്യയില്‍ കഠിന പരിശീലനത്തിലാണ്. ഇതിനകം 1400 പരിശീലന മണിക്കൂറുകളാണ് അദ്ദേഹം പിന്നിട്ടത്. ബഹിരാകാശത്തേക്ക് പോകുമ്പോള്‍ ഹസ്സ വ്യക്തിപരമായി എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുപോകുക? തീര്‍ച്ചയായും അദ്ദേഹത്തിന്റെ കൈയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കുന്ന ഒരു കാര്യം, വിശുദ്ധ ഖുര്‍ആന്റെ കോപ്പിയാണ്. ഇക്കാര്യം ബഹിരാകാശ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.