റിയാദ് - തുർക്കിയിലെ ഇസ്താംബൂളിൽ പന്ത്രണ്ടു ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ സൗദി യുവതി അബീറിനെ കണ്ടെത്തി. യുവതിക്കു വേണ്ടി തുർക്കി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിന് സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. അന്വേഷണ പുരോഗതി തുർക്കിയിലെ സൗദി എംബസി നിരീക്ഷിക്കുന്നുണ്ട്.
ഭർത്താവിനും മക്കൾക്കുമൊപ്പം ഇസ്താംബൂളിൽ വിനോദ സഞ്ചാരത്തിന് എത്തിയ അബീറിനെ ഹോട്ടലിനു സമീപത്തു വെച്ചാണ് കാണാതായത്. ഷോപ്പിംഗിനു വേണ്ടി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ യുവതി പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നു.
ഇസ്താംബൂളിൽനിന്ന് മൂന്നു മണിക്കൂർ യാത്രാ ദൈർഘ്യമുള്ള സ്ഥലത്താണ് അബീറിനെ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. റാഞ്ചികളുമായി യുവതിയുടെ കുടുംബം ആശയ വിനിമയം നടത്തിയാണ് അബീറിന്റെ മോചനം സാധ്യമാക്കിയത്. റാഞ്ചികളും അബീറിന്റെ കുടുംബവും ധാരണയിലെത്തിയതു പ്രകാരമുള്ള സ്ഥലത്തെത്തിയ പ്രതികളെ തുർക്കി സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതികൾ യുവതിയെ പാർപ്പിച്ച സ്ഥലം അന്വേഷണോദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. സിറിയൻ ശൈലിയിൽ സംസാരിക്കുന്ന കുടുംബത്തിന്റെ അടുത്താണ് അബീറിനെ കണ്ടെത്തിയത്. മോചനദ്രവ്യം തേടി സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് അബീറിന്റെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് വിവരമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.