റിയാദ് - ബസ് ഡ്രൈവർമാർക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കാൻ പൊതുഗതാഗത അതോറിറ്റിക്ക് നീക്കം. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ, ബസ് ഗതാഗത മേഖലയിലെ പ്രവർത്തനം ക്രമീകരിക്കുന്ന പുതിയ നിയമാവലി പൊതുഗതാഗത അതോറിറ്റി തയാറാക്കി വരികയാണ്. ബസ് യാത്രികർക്കുള്ള സേവന നിലവാരം ഉയർത്തുന്നതിനും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനും നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിനും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമാവലി നിർമിക്കുന്നത്. ബസ് ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രമോ പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച വസ്ത്രമോ നിർബന്ധമായിരിക്കുമെന്ന് നിയമാവലി വ്യക്തമാക്കുന്നു.
കൂടാതെ ഡ്രൈവർമാർ പുകവലിക്കുന്നതിനും വിലക്കുണ്ടാകും. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമുള്ള ബസ് ഗതാഗതവും ഡ്രൈവർ സഹിതവും അല്ലാതെയും ബസുകൾ വാടകക്ക് നൽകലും ക്രമീകരിക്കുന്നതിനാണ് നിയമാവലിയിലൂടെ ലക്ഷ്യമിടുന്നത്. ഹജ്, ഉംറ, സിയാറത്ത്, ടൂർ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും ഫെസ്റ്റിവലുകളും സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്ന വകുപ്പുകളും തൊഴിലുടമകളും തങ്ങളുടെ ഉപയോക്താക്കൾക്കും ജീവനക്കാർക്കും യാത്രാ സൗകര്യം നൽകുന്നതിന് ബസ് കമ്പനികളുമായി പ്രത്യേകം കരാറുകൾ ഒപ്പുവെക്കേണ്ടിവരും. സർവീസിന് ഉപയോഗിക്കുന്ന ബസുകൾക്ക് പത്തു വർഷത്തിലധികം പഴക്കമുണ്ടാകാൻ പാടില്ലെന്ന് പുതിയ നിയമാവലി അനുശാസിക്കുന്നു. സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു കീഴിലെ ബസുകളുടെ എണ്ണം അഞ്ചിൽ കുറവാകാൻ പാടില്ല. 40 സീറ്റുകളിൽ കുറയാത്ത ബസുകളാണ് സ്‌പെഷ്യലൈസ്ഡ് ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ ഉപയോഗിക്കേണ്ടത്. എന്നാൽ മിനിമം എണ്ണത്തേക്കാൾ കൂടുതലായി ഉപയോഗിക്കുന്നതിന് ഒമ്പതു സീറ്റിൽ കുറയാത്ത മിനി ബസുകളും ഏർപ്പെടുത്താവുന്നതാണ്. ബസുകൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്കു കീഴിലെ മിനിമം ബസുകളുടെ എണ്ണം പത്തിൽ കുറവാകാൻ പാടില്ല. ഈ ബസുകളിലെ സീറ്റുകൾ ഒമ്പതിൽ കുറയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടാകും.
ബസ് ഡ്രൈവർമാരായി ജോലി ചെയ്യുന്നവർ തങ്ങൾ മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളിൽ നിന്ന് ഹാജരാക്കേണ്ടിവരും. കൂടാതെ പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന മെഡിക്കലും ഇവർ പാസാകേണ്ടിവരും. ഡ്രൈവർമാർക്ക് ഉമൂമി ലൈസൻസ് നിർബന്ധമാണ്. ഇവർ തൊഴിൽ കാര്യക്ഷമതാ പരീക്ഷ പാസാവുകയും വേണം. സ്മാർട്ട് ഫോൺ ആപ്പുകൾ അവലംബിച്ച് ബസ് സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ പ്രായം 20 ൽ കുറയാനും 65 ൽ കൂടാനും പാടില്ല. സ്മാർട്ട് ഫോൺ ആപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ ഇവർ പ്രത്യേക പരിശീലനവും പൂർത്തിയാക്കിയിരിക്കണം. കൂടാതെ അതോറിറ്റി അംഗീകരിച്ച പരിശീലന സർട്ടിഫിക്കറ്റും ഇവർ നേടേണ്ടിവരും.
യാത്ര ആരംഭിക്കുന്നതിനു മുമ്പായി ഡ്രൈവർമാർ ബസുകൾ പരിശോധിക്കണമെന്ന് കരടു നിയമാവലി ആവശ്യപ്പെടുന്നു. യാത്ര ആരംഭിക്കുന്നതിനു മുമ്പായി യാത്രക്കാർ സീറ്റുകളിൽ ഉപവിഷ്ടരായിട്ടരായിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. വ്യക്തി ശുചിത്വവും മാന്യമായ വേഷവിധാനവും പാലിക്കണം. യാത്ര പൂർത്തിയായ ശേഷം ബസിൽ യാത്രക്കാർ ആരുമില്ലെന്ന് ഉറപ്പു വരുത്തലും ഡ്രൈവറുടെ ബാധ്യതയാണ്.
ബസുകളിൽ അനിവാര്യമായ സുരക്ഷാ ഉപകരണങ്ങളും വസ്തുക്കളും ഒരുക്കിയിരിക്കണം. വികലാംഗരെ ബസുകളിൽ കയറുന്നതിനും ബസുകളിൽ നിന്ന് ഇറങ്ങുന്നതിനും ഡ്രൈവർമാർ സഹായിക്കലും പൊതുമര്യാദകൾ പാലിക്കലും യാത്രക്കാരുമായി നല്ല രീതിയിൽ പെരുമാറലും നിർബന്ധമാണ്. ബസിനകത്ത് ഡ്രൈവർമാർ പുകവലിക്കാനോ യാത്രക്കാരെ പുകവലിക്കുന്നതിന് അനുവദിക്കാനോ പാടില്ല. നിശ്ചിത ജോലി സമയവും ദിവസ, പ്രതിവാര വിശ്രമവും പാലിക്കണം. യാത്രക്കാരിൽ നിന്ന് വീണുപോകുന്ന വസ്തുക്കളും മറന്നുവെക്കുന്ന വസ്തുക്കളും സൂക്ഷിച്ച് ഉടമകൾക്കോ ബന്ധപ്പെട്ടവർക്കോ ഡ്രൈവർമാർ കൈമാറണം. യാത്ര ആരംഭിക്കുന്നതിനു മുമ്പ് ഡോറുകൾ അടക്കണം. ബസ് നിർത്തിയ ശേഷമല്ലാതെ ഡോറുകൾ തുറക്കാൻ പാടില്ല. യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിൽ ബസുകൾ പൂർണമായും നിർത്തണമെന്നും പൊതുഗതാഗത വകുപ്പ് നിയമാവലി ആവശ്യപ്പെടുന്നു.