പാലക്കാട് സമ്മേളനത്തിൽ തികഞ്ഞ ചുവപ്പു കളറിൽ ചാലിച്ചെടുത്ത നയരേഖയുമായി ഒരു ബന്ധവുമില്ല, തിരുവനന്തപുരത്ത് ജന്മാഷ്ടമിക്കു തലേന്ന് പുതുതായി അവതരിപ്പിച്ച പുതുപുത്തൻ നിലപാടിന്. 'ഒരു നിശ്ചയവുമില്ലയൊന്നിനും, വരുമോരോ ദശ വന്ന പോലെ പോം' എന്ന കവി വചനം പോലെയാണ് പാർട്ടികളുടെ പോക്കും. ഇനി അടുത്ത നയം മാറ്റം അടിയന്തരമായി പാപ്പനംകോട്ടോ, പിരപ്പൻകോട്ടോ, ഉപ്പിടാംമൂടു പാലത്തിനരികിലോ ചേരുന്ന യോഗത്തിലാവാം തീരുമാനിക്കുക. ഇത്തവണ ഊന്നൽ നൽകിയത് 'മലകയറ്റത്തിൽ യുവതീ പ്രവേശനത്തിന്റെ പങ്കും നമ്മുടെ കൈവിട്ടുപോയ ഹുങ്കും' എന്ന വിഷയത്തിനായിരുന്നു.
കഴിഞ്ഞ വർഷം മല ചവിട്ടാൻ പോകുന്നവരെ മുന്നിൽനിന്നു നയിച്ചു പടികയറുമെന്നു വരെ പറഞ്ഞു കളഞ്ഞു എം.വി. ഗോവിന്ദൻ മാസ്റ്റർ. അതിനു ശേഷം പാർട്ടി ആ സഖാവിനെ ടി.വി ക്യാമറ കാണിച്ചിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ 'മനിതി' സംഘത്തിന്റെ 'പേച്ച്' കേട്ടു പേടിച്ചാണ് മലയാളി മങ്കമാർ 'മാളികപ്പുറ'ങ്ങളാകാതെ തിരിച്ചു വീടുപൂകിയതെന്ന കാര്യം പാർട്ടിയുടെ 'അടിയന്തര' യോഗം ചർച്ച ചെയ്തില്ല. പകരം, ചാനലുകാരൊക്കെ മുണ്ടുടുത്തു മുന്നോട്ടു നടക്കുന്ന മുതിർന്ന സഖാക്കളെയാണ് കാട്ടിയത്. പ്രകാശ് കാരാട്ട് ദില്ലിയിൽ നിന്നെത്തി മുണ്ടുടുത്തു നടന്നാൽ യുവാക്കൾ പാർട്ടിയിലേക്ക് ഇരമ്പിക്കയറുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചെന്നു തോന്നുന്നു.
വീര വില്ലാളിയും വിക്രമാദിത്യനുമായ കോടിയേരിയുടെ നടത്തത്തിൽ പോലുമുണ്ട് ഒരു ബലക്കുറവ്. കർക്കടകക്കഞ്ഞിയും പിഴിച്ചിലും ധാരയും കഴിഞ്ഞ് ചിങ്ങ മാസമെത്തുമ്പോൾ ഉഷാറുണ്ടാകേണ്ടതാണ്. ഒന്നും കണ്ടില്ല. പകരം, ചെക്കു കേസിലെ തുഷാറിന്റെ കാര്യത്തിൽ മുഖ്യനും ഇ.പി. ജയരാജനും അൽപം ഉഷാറാകുന്നതു മാത്രമാണ് ജനം കണ്ടത്. പണ്ട് ജിമ്മി കാർട്ടർ എന്ന കപ്പലണ്ടി ബിസിനസുകാരൻ അമേരിക്കൻ പ്രസിഡന്റായപ്പോൾ, കഴിഞ്ഞ ആസൂത്രണമൊക്കെ എടുത്ത് കുട്ടയിലെറിഞ്ഞ ശേഷം ഒരു 'സീറോ ബേസ്ഡ് ബജറ്റ്' നയം രൂപീകരിച്ചിരുന്നു. തൽക്കാലം ആ മാതൃകയാണ് നമുക്കും നന്നെന്നു തോന്നിയിട്ടാകാം. മാർക്സിസ്റ്റ് പാർട്ടി നയമൊക്കെ എടുത്ത് ഓടയിലെറിയുന്ന കാഴ്ചയാണിപ്പോൾ. വട്ടപ്പൂജ്യത്തിൽനിന്നു തുടങ്ങാം. യുവതികൾ മല ചവിട്ടിയാലും ഇല്ലെങ്കിലും സർക്കാരിനെ ആരും വിശ്വാസത്തിലെടുക്കുന്നില്ല. പുതിയ സഖാക്കളും ആ വഴിക്കു തന്നെ, അതാണല്ലോ, എസ്.എഫ്.ഐക്കാർ എത്രയും വേഗം പി.എസ്.സി വഴി ഏതെങ്കിലും സർക്കാർ ലാവണത്തിൽ കടന്നുകൂടാൻ ശ്രമിച്ചതും. ഇത്തവണ നിർവാഹക സമിതി യോഗത്തിൽ കണ്ണൂർ സിംഹം ജയരാജൻ സ്വർണ മഞ്ഞ നിറമുള്ള കുർത്തയാണ് ധരിച്ചുവന്നത്. പലരും വടിയൂന്നി നടക്കുന്നതും കണ്ടു. മറ്റു ചിലർ ലോഹ്യം പറഞ്ഞ് കുറച്ചെങ്കിലും ആരോഗ്യമുള്ള സഖാക്കളുടെ തോളിൽ കൈയിട്ട് മുന്നോട്ടു ചലിക്കുന്നതു കണ്ടു. യുവാക്കളെ മാത്രം കണ്ടില്ല. 'ഇരുട്ടുകൊണ്ട് ഓട്ടയക്കാൻ' ശ്രമിക്കുന്ന വിദ്യ നാട്ടുകാരൊക്കെ കാണുന്നുണ്ട്. കേന്ദ്രത്തെ കരുതിയിരിക്കണം എന്ന വിലയിരുത്തലും നല്ല സൂചനയല്ല. ഭയക്കുന്നവൻ അക്കാരണം കൊണ്ടുതന്നെ നശിക്കുമെന്നൊരു ആയുർവേദ വിധിയുണ്ട്.
**** **** ****
'വണ്ടി വള്ളത്തിലും കയറും, വള്ളം വണ്ടിയിലും കയറു'മെന്നൊരു ചൊല്ലുണ്ട്. 2010 ൽ അമിത് ഷാജി അഴിക്കകത്തു കയറി. 2019 ൽ ദേണ്ടെ, ചിദംബരവും അകത്തായി, ഒരു പക്ഷേ ഭാഗ്യമുണ്ടെങ്കിൽ പുറത്തു പോരാം. ഇന്ന് ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും നല്ല വക്കീലന്മാരുണ്ട്, നാട്ടുകോട്ട ചെട്ടിയാരെയും പുത്രനെയും സംരക്ഷിക്കുവാൻ. പക്ഷേ, കോൺഗ്രസിന്റെ വണ്ടികൾ ഓരോന്നായി അകത്തു പോകാൻ തുടങ്ങിയാൽ സംഘടനയുടെ മൊത്തം വാഹന ഗതാഗതം സ്തംഭിക്കും. അശേഷിക്കുന്നവ സ്വയം 'പഞ്ചറാടി' കട്ടപ്പുറത്തിരിക്കും. അതാണ് പാർട്ടിയുടെ അവസ്ഥ. ആ വാർത്തകൾ വായിച്ചാൽ ഞെട്ടാത്തവരുണ്ടെങ്കിൽ അതു വെറും പ്രേതാത്മാക്കൾ മാത്രമായിരിക്കും. ഇരുപതോളം തവണ ചിദംബരജിയും പുത്രൻ കാർത്തിജിയും ജാമ്യമെടുത്തിട്ടുണ്ടത്രേ, അപ്പനും മോനും കൂടി സൃഷ്ടിച്ച ഈ ലോക റെക്കോർഡ് ഭേദിക്കണമെങ്കിൽ ഇനി മറ്റേതെങ്കിലും കോൺഗ്രസുകാർ തന്നെ അവതരിക്കണം. പ്രിയങ്ക റോബർട്ട് വദ്രയും റോബർട്ടും ഇക്കാര്യത്തിൽ ചിദംബര കുടുംബത്തോടു അസൂയ പുലർത്തുന്നവരാണെന്നുറപ്പ്. അതാണല്ലോ, ചെട്ടിയാരുടെ വീടിന്റെ മതിൽ ചാടിക്കടന്ന സി.ബി.ഐക്കാരോട് ആദ്യം തന്നെ പ്രിയങ്കജി പ്രതിഷേധിച്ചത്! അറസ്റ്റ് ചെയ്താൽ ജാമ്യ നീക്കമുണ്ടാകും. ജാമ്യം കിട്ടിയാൽ ഇരുപത്തി ഒന്നാമത്തെ തവണയാകും. അങ്ങനെയങ്ങനെ ചിദംബരം റെക്കോർഡ് ഉറപ്പിക്കും. വദ്രയും താനും കൂടി കുറെ വിയർപ്പൊഴുക്കേണ്ടിവരും അതൊന്നു തകർക്കുവാൻ. പിന്നെ കോൺഗ്രസിന് ആശ്വാസമുളള ഏക കാര്യം. കോൺഗ്രസുകാർ മാത്രമല്ല, ഡി.എം.കെ, ബി.ജെ.പി, ആർ.ജെ.ഡി എന്നു വേണ്ട, വോമ്യസേന മുൻ മേധാവി വരെയുണ്ട് അഴിമതിക്കാര്യത്തിൽ മാരത്തോൺ ഓട്ടത്തിന്.
**** **** ****
പുതുമുഖങ്ങളെ കടന്നുവരാൻ അനുവദിക്കണമെന്നു എ.കെ. ആന്റണിച്ചായൻ പറഞ്ഞതും പുലിവാലാകുമോ? കടന്നുവരുന്നവർ കേസിൽ പെട്ട സീനിയറന്മാർക്കു ജാമ്യം നിൽക്കേണ്ടി വരില്ലേ? സർവോപരി, ആന്റണിയെങ്കിലും ഒന്നു മാറിക്കൊടുത്താലല്ലേ ഒരു സീറ്റെങ്കിലും ഒഴിവുണ്ടാകൂ? ഈ പാർട്ടിയെന്താ? ജന്മാവകാശം പതിച്ചു വാങ്ങിയവരാണോ എന്ന് കെ.എസ്.യു പിള്ളേർ പോലും ചോദിച്ചു തുടങ്ങി. യൂനിവേഴ്സിറ്റി കോളേജിൽ ചെന്നു തല്ലു വാങ്ങി ബാൻഡേജിട്ട് നടക്കാൻ മാത്രമായി തങ്ങളില്ല.
**** **** ****
ഒരാൾക്ക് ഒരു പദവി എന്ന വാദത്തിൽ കഴമ്പില്ലെന്ന് വർത്തമാന കാലത്തെ ഏറ്റവും പ്രഗത്ഭനായ കോൺഗ്രസ് ബുദ്ധിജീവി കൊടിക്കുന്നിൽ സുരേഷ് തുറന്നടിച്ചു. നന്നായി. കൊടിവെച്ച കാറിൽ പോകണമെങ്കിൽ രണ്ടു പദവിയുണ്ടാകുന്നതാണ് സുരക്ഷിതം. ഒന്നു ബ്രേക്ക് ഡൗണായാൽ മറ്റൊന്ന്. ആന്റണിച്ചായനെ കണ്ടു പഠിച്ചതാകാനാണ് വഴി. ഒരു പദവിയില്ലാതെ ജീവിക്കാൻ വയ്യ.
കഴിഞ്ഞ കൊല്ലം വരെ കെ.പി.സി.സി പ്രസിഡന്റാകാൻ വേണ്ടി ജാതി പറഞ്ഞുപോലും പയറ്റിയ ഗാന്ധിയനാണ് കൊടിക്കുന്നിൽ. ദൽഹിയിൽ ഉപമന്ത്രി സ്ഥാനം വരെ എത്തിയതിനാൽ തന്റെ വിലാപം കേൾക്കുമെന്നു കരുതി. എവിടെ നിന്നോ ഒരു മുല്ലപ്പള്ളി പൊട്ടിവീണു. പോട്ടെ, സാരമില്ല. എല്ലാം രാജ്യത്തിനു വേണ്ടിയല്ലേ? ഇരുപതു സീറ്റും ജയിക്കാൻ വേണ്ടി മാത്രമാണ് താനും മത്സരിക്കാനിറങ്ങിയത്. ഫലം കണ്ടു. തന്റെ പ്രഭാപ്രസരത്താൽ, കാസർകോട്ടു കൊലയ്ക്കു കൊടുക്കാനയച്ച ഉണ്ണിത്താൻ പോലും ജയിച്ചു. ഇനി ഒരു അഡീഷണൽ പദവി ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. കേരളത്തിലെ ദളിതർ മൊത്തമായി തന്റെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനാരോഹണത്തിനു കാത്തുനിൽക്കുകയാണ്. ആ രണ്ടാം പദവി കൂടി നേടിയാൽ പിന്നെ ഇതര പാർട്ടികളിൽ ദളിത് വോട്ടറന്മാരുണ്ടാകില്ല. മറ്റു നേതാക്കൾക്ക് അതറിയാം. അവർ കൊടിക്കുന്നിലിനിട്ടു പാര പണിയുകയാണ്. ദൽഹിയിൽ വാഴുന്ന പിള്ളേർക്കും കുടുംബത്തിനും മാത്രമാണ് കാര്യത്തിന്റെ ഗൗരവമറിയാത്തത്. കൊടിക്കുന്നിൽ ഒന്ന് ഒതുങ്ങിക്കഴിയുന്നതിനാലാണ് അമിത് ഷായുടെ കണ്ണിൽ പെടാത്തത്. പെട്ടിരുന്നുവെങ്കിൽ റാഞ്ചി പോക്കറ്റിലാക്കിയേനേ. ഇതൊക്കെ മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ലല്ലോ എന്നാലോചിക്കുമ്പോൾ പല സാഹസങ്ങളും തോന്നിപ്പോകുന്നു. എല്ലാം ഉള്ളിലൊതുക്കി നാടിനുവേണ്ടി മാത്രമായി അദ്ദേഹം ജീവിച്ചു പോരുന്നു. ആ ശശി തരൂരെങ്ങാനും മുന്നിൽ വന്നു പെട്ടാൽ, 'ഒരാൾക്ക്' ഒരു പദവി' യെടുത്ത് തലയ്ക്കിട്ടൊന്നു കൊടുക്കാനുള്ള അരിശമുണ്ട്. അങ്ങോരെന്നാണ് കോൺഗ്രസായത്?
**** **** ****
എറണാകുളത്തെ 'ഐതിഹാസിക'മായ ലാത്തിച്ചാർജിന്റെ കഥ കഴിഞ്ഞിട്ടൊന്നുമില്ല. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായതിനാൽ രാജുവിനേറ്റ പരിക്കും അവരുടെ എമ്മെല്ലേയായതിനാൽ എൽദോ എബ്രഹാമിനേറ്റ ഒടിവും എൽ.ഡി.എഫിനെ ബാധിക്കില്ലെന്നു വല്യേട്ടൻ കരുതുന്നു. എന്നാൽ പ്രകോപനം സൃഷ്ടിച്ചതാരെന്ന് ഇനിയും നറുക്കിട്ടെടുക്കേണ്ടതുണ്ട്. അതിനായി ലോട്ടറി വകുപ്പിനെ സമീപിച്ചിരിക്കുകയാണ് സർക്കാർ. വകുപ്പിന്റെ തിരക്കു കാരണമാണ് തീരുമാനം വൈകുന്നത്. കൺട്രോൾ കമ്മീഷൻ ചെയർമാൻ തീരെ ദുർബലനും അസ്ഥി മാത്ര ശരീരനുമായ പന്ന്യൻ രവീന്ദ്രനാണെങ്കിലും അദ്ദേഹത്തിന്റെയും കൺടോൾ വിട്ടു കഴിഞ്ഞു. പോലീസിലെ സാദാ ശിപായി മുതൽ ഡി.ജി.പിയെ വരെ പരാതി അറിയിച്ചിട്ടുണ്ട്. ഒടുവിൽ മുഖ്യനെയും. മുഖ്യൻ പോലീസെന്നു കേട്ടപ്പോൾ കൈമലർത്തിയത്രേ! ആ വകുപ്പ് തന്റെ കൈയിലാണോ എന്ന കാര്യം അന്വേഷിക്കുവാൻ ആരെയോ ചുമതലപ്പെടുത്തുകയും ചെയ്തു. ഇനി അടുത്ത പരാതി നൽകുന്നതോടെ എണ്ണം അമ്പതു തികയും. പരാതിയുടെ ഗോൾഡൻ ജൂബിലി വലിയ വാൾ പോസ്റ്ററായി ഒട്ടിക്കാൻ സി.പി.ഐ തീരുമാനിച്ചതായാണ് വിവരം.