റായ്പ്പൂർ- ഛത്തീസ്‌ഗഡിൽ നടന്ന ഉഗ്ര സ്‌ഫോടനത്തിൽ ഏഴു സി ആർ പി എഫ് സൈനികർ കൊല്ലപ്പെട്ടു. ഡാന്റിവടയിലെ മേലവദ ഗ്രാമത്തിൽ റോഡിൽ നടന്ന സ്‌ഫോടനത്തിൽ സൈനികർ സഞ്ചരിച്ച ട്രക്ക് പൂർണ്ണമായും നശിച്ചിട്ടുണ്ട്. 230 ബറ്റാലിയൻ ഗ്രൂപ്പിൽ പെട്ട ഇവർ ഭുസാറാസ് സൈനിക ക്യാമ്പിൽ നിന്നും തിരിച്ചു വരുന്നതിനിടയാണ് സ്‌ഫോടനം. സ്‌ഫോടനത്തെ തുടർന്ന് ഇവർ സഞ്ചരിച്ച ടാറ്റ 407 ട്രാക്ക് അന്തരീക്ഷത്തിൽ പറന്ന് നൂറുകണക്കിന് മീറ്ററുകൾക്കപ്പുറത്താണ് വീണത്. ഒമ്പത് സൈനികരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നും വഴിയിൽ മൂന്ന് സൈനികർ ഇറങ്ങുകയായിരുന്നുവെന്നും ബാക്കിയുണ്ടായിരുന്ന സൈനികരിൽ ഏഴു പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സ്‌ഫോടനത്തെ തുടർന്ന് റോഡിൽ അഗാധമായ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.