ലഖ്‌നൗ- കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബുലന്ദ്ശഹറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കലാപക്കേസില്‍ പ്രതികളായ സംഘപരിവാര്‍, ബിജെപി പ്രവര്‍ത്തകരെ ജയ് ശ്രീറാം, വന്ദേ മാതരം വിളികളോടെ സ്വീകരിച്ച് ആനയിച്ച സംഭവം വലിയ കാര്യമാക്കേണ്ടെന്ന് യുപി സര്‍ക്കാര്‍. കേസില്‍ പ്രതികളായ ഭാരതീയ യുവമോര്‍ച്ച നേതാവ് ശിഖര്‍ അഗര്‍വാള്‍, മുന്‍ സൈനികന്‍ ജീതു ഫൗജി, സംഘ് പ്രവര്‍ത്തകരായ ഹേമു, ഉപേന്ദ്ര രാഘവ്, രോഹിത് രാഘവ് എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. പുറത്തിറങ്ങിയ ഇവരെ ജയില്‍ പരിസരത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളോടെ സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷവും ഇതിനെതിരെ രംഗത്തു വന്നിരുന്നു. ഒരു ഇന്‍സ്‌പെക്ടറെ കൊന്ന കേസിലെ പ്രതികള്‍ക്ക് ഇത്തരത്തില്‍ സ്വീകരണം ലഭിക്കുന്നത് യുപിയില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.
എന്നാല്‍ ഈ സംഭവത്തെ ന്യായീകരിക്കുന്ന തരത്തിലാണ് ഉപമുഖ്യമന്ത്രി കെ പി മൗര്യ പ്രതികരിച്ചത്. 'ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നവരെ പിന്തുണയ്ക്കുന്നവര്‍ അവരെ സ്വീകരിക്കും. സര്‍ക്കാരിനോ ബിജെപിക്കോ ഇതുമായി ഒരു ബന്ധവുമില്ല. ഇതിനെ പ്രതിപക്ഷം പര്‍വതീകരിക്കേണ്ടതുമില്ല,' മൗര്യ പറഞ്ഞു.
25 പശുക്കളുടെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങള്‍ ബുലന്ദ്ശഹറിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് കണ്ടെത്തി എന്നതിനെ ചൊല്ലിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഡിസംബറില്‍ ഇവിടെ കലാപം അഴിച്ചു വിട്ടത്. ഇതു തടയാനെത്തിയ പോലീസ് സംഘത്തെ ആക്രമികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. മഴു ഉപയോഗിച്ച് ഇന്‍സ്‌പെക്ടറുടെ വിരലുകള്‍ വെട്ടുകയും തലയ്ക്കടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന വിഡിയോയും പിന്നീട് പുറത്തു വരികയുണ്ടായി.
സംവഭം കോളിളക്കമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അഞ്ചു പേര്‍ക്കെതിരെ കൊലക്കുറ്റത്തിനും 33 പേര്‍ക്കെതിരെ കലാപ ഇളക്കിവിട്ടതിനും കേസെടുത്തു. ഇവര്‍ക്കെതിരെ പോലീസ് 3,400 പേജ് വരുന്ന കേസ് ഡയറിയും 103 പേജു വരുന്ന കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.