തിരുവനന്തുപുരം- പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്കാണെന്ന പ്രസ്താവനയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആത്മപരിശോധന നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. സംസ്ഥാനത്ത് ഇന്നലെ മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നെന്നും സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തരുതെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിൽ മാത്രമാണ് ഇത് ബാധകം.
മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നടത്താത്തതിൽ അപാകതയില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് തീർന്നത് ജൂണിലാണ്. അതിനാൽ ആറുമാസം പൂർത്തിയാകുന്ന നവംബറിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മഞ്ചേശ്വരം ഒഴികെ സംസ്ഥാനത്ത് ഒഴിവുള്ള നാലു മണ്ഡലങ്ങളിൽ ഒക്ടബോറിൽ വിജ്ഞാപനം വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുറസാഖ് മരിച്ചത്. എന്നാൽ ഇവിടെ എതിർസ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രൻ നൽകിയ കേസ് ഹൈക്കോടതിയിൽ തീർന്നത് ജൂണിലാണ്. ഇതിന് ശേഷമുള്ള കാലാവധിയാണ് കണക്കാക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി.