Sorry, you need to enable JavaScript to visit this website.

രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു; ഒരു റിയാലിന് 19.22 രൂപ, സ്വർണവും കുതിക്കുന്നു

മുംബൈ- ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഇന്ന് 58 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഡോളറിന് നിലവിൽ ഇന്ത്യൻ രൂപയുടെ മൂല്യം 72.24 ആണ്. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ  ഇടിവാണിത്. 0.80 ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളൊന്നും മാർക്കറ്റിൽ പ്രതിഫലിക്കുന്നില്ലെന്ന് വേണം കരുതാൻ. വരുംദിവസങ്ങളിലും ഇടിവ് തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദർ നൽകുന്ന സൂചന. ഒരു സൗദി റിയാലിന് 19.2220 രൂപയാണ് ഇന്നത്തെ മൂല്യം.

അതേസമയം, സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സ്വർണ വിപണിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോഡാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 16ന് 22,080 രൂപയായിരുന്നു ഒരു പവന്റെ നിരക്ക്. ട്രായ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിക്കുന്നതും സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണത്തിന്റെ മൂല്യം ഉയർത്തുകയാണ്. അമേരിക്ക പലിശ നിരക്കിൽ വീണ്ടും ഇളവ് വരുത്തുമെന്ന റിപ്പോർട്ടുകളും സ്വർണത്തിന്റെ ഡിമാന്റിൽ വർധനയുണ്ടാക്കുന്നു.
 

Latest News